കൊച്ചി- തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം, സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുത്തയാളെ പിടികൂടി പൊലീസ്. സ്വർണാഭരണമാണെന്ന് തെറ്റിധരിപ്പിച്ച് മുക്കുപണ്ടം പണയംവച്ച്
നാലര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം നാടുവിട്ട കുമാരനല്ലൂർ മയാലിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചി സ്വദേശി സജീവിനെയാണ് (41) കൊടൈക്കനാലിൽ നിന്നാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
2024 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി നാടുവിട്ട സജീവിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായി അധികം വൈകാതെയാണ് അയാളുടെ ചരമവാർത്ത പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചി സ്വദേശിയായ സജീവ് മരണപ്പെട്ടുവെന്നും ചെന്നൈയിലെ അഡയാറിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തിയെന്നുമായിരുന്നു വാർത്ത.
എന്നാൽ പൊലീസിന് സംശയം തോന്നിയതോടെ സജീവിന്റെ ഭാര്യയുടെ ഫോണിലേയ്ക്ക് വരുന്ന ഫോൺ നമ്പറുകൾ നിരീക്ഷിക്കാൻ ആരംഭിച്ചു. ഫോണിലേക്ക് സ്ഥിരമായി ഒരു നമ്പറിൽ നിന്ന് കോൾ വരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജീവ് ആണ് ഫോൺ വിളിക്കുന്നതെന്ന് വ്യക്തമായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഒളിച്ചു കഴിയുകയാണെന്ന് കണ്ടെത്തി.
തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ്, എസ്.ഐ എസ്. സത്യൻ, രഞ്ജിത്ത്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.