അബുദാബി. ബുധനാഴ്ച അവസാനിച്ച പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ 632 കോടി ദിര്‍ഹം (14,468 കോടി രൂപ) സമാഹരിച്ചു. ഓഹരി വില്‍പ്പനയിലൂടെ ഈ വര്‍ഷം യുഎഇയില്‍ ഒരു കമ്പനി നേടുന്ന ഏറ്റവും വലിയ തുകയാണിത്. കമ്പനിയുടെ 30 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 6 വരെ നടന്ന ഐപിഒയില്‍ ഓഹരികള്‍ക്കായി അപേക്ഷിച്ചത് പ്രതീക്ഷിച്ചതിനും 25 ഇരട്ടി നിക്ഷേപകരാണ്. ഒരു ഓഹരിയുടെ അന്തിമ വിലയായി 2.04 ദിര്‍ഹമാണ് നിശ്ചയിച്ചത്.
യുഎഇയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും മറ്റു വിദേശ രാജ്യങ്ങളിലേയും നിക്ഷേപകരടക്കം എല്ലാ നിക്ഷേപകരില്‍ നിന്നുമായി ആകെ 13,500 കോടി ദിര്‍ഹംസിന്റെ (3.08 ലക്ഷം കോടി രൂപ) ഓഹരികള്‍ക്കുള്ള ഡിമാന്‍ഡാണ് ലഭിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യുഎഇയില്‍ ഒരു സ്വകാര്യ കമ്പനിക്ക് ലഭിക്കുന്ന റെക്കോര്‍ഡ് ഡിമാന്‍ഡ് ആണിത്.
കമ്പനിയുടെ 309 കോടി ഓഹരികളാണ് വിറ്റഴിച്ചത്. നവംബര്‍ 14ന് അബുദാബി ഓഹരി വിപണിയായ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (ADX) ലുലു റീട്ടെയിൽ ഹോള്‍ഡിംഗ്‌സിന്റെ ഓഹരികള്‍ ട്രേഡിങ്ങിനായി ലിസ്റ്റ് ചെയ്യപ്പെടും.
ചെറുകിട നിക്ഷേപകരില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഐപിഒക്ക് ലഭിച്ചത്. 82,000ലേറെ റീട്ടെയില്‍ നിക്ഷേപകര്‍ ഓഹരികള്‍ക്കായി അപേക്ഷിച്ചു. ഒരു കമ്പനിയുടെ ഓഹരിക്കായി ഇത്രയധികം ചെറുകിട നിക്ഷേപകരെത്തുന്നതും യുഎഇയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമാണ്. ലുലു ഓഹരികള്‍ വാങ്ങാനെത്തിയ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളും വമ്പന്‍മാരാണ്.
അബുദാബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്‌സ് ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ബഹ്‌റൈന്‍ മുംതലകാത് ഹോള്‍ഡിങ് കമ്പനി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഹസ്സാന പെന്‍ഷന്‍ ഫണ്ട്, സിംഗപൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തുടങ്ങി വന്‍കിട നിക്ഷേപ കമ്പനികളാണ് ലുലുവില്‍ ഓഹരികള്‍ വാങ്ങുന്നത്. ഐപിഒയ്ക്ക് ശേഷം, ഓഹരി ഒന്നിന് 2.04 ദിര്‍ഹം (46.82 രൂപ) കണക്കാക്കിയാല്‍ ലുലു റീട്ടെയിലിന്റെ വിപണി മൂല്യം 48,400 കോടി രൂപയോളം വരും.