ജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി ലുലു റീട്ടെയിൽ സെനോമി അസീസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയിലെ ലുലുവിന്റെ 72-ാമത് സ്റ്റോറാണിത്. ഇതോടെ ജിസിസി രാജ്യങ്ങളിലുടനീളമുള്ള ലുലു സ്റ്റോറുകളുടെ എണ്ണം 267 ആയി ഉയർന്നു. സെനോമി അസീസ് മാളിലെ ലുലുവിന്റെ ആദ്യ സ്റ്റോറാണിത്.
പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജിദ്ദ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (JCCI) പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഘി നിർവഹിച്ചു. യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തൈബാൻ അലി അൽ കെത്ബി, ഇന്ത്യയുടെ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഫിലിപ്പീൻസ് കോൺസൽ ജനറൽ റോമെൽ എ. റൊമാറ്റോ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സെനോമി സെന്റേഴ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഖാലിദ് അൽ ജനാഹി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
10,157 സ്ക്വയർ ഫീറ്റിലായി വ്യാപിച്ചിരിക്കുന്ന ആധുനിക ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങളിൽ നിന്നും ഗൃഹോപകരണങ്ങൾ വരെ വിപുലമായ ഉൽപ്പന്ന നിരയാണ് ഒരുക്കിയിരിക്കുന്നത്. പച്ചക്കറികൾ, പഴങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മാംസം, കടൽവിഭവങ്ങൾ, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോൺ, ആക്‌സസറീസ്, ഹോം ഫർണിഷിംഗ്സ് എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം. ഉപഭോക്താക്കൾക്ക് സുഖകരമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും, 3,000 വാഹനങ്ങൾക്ക് സൗകര്യമുള്ള വിശാലമായ പാർക്കിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
“ഈ പുതിയ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം പ്രദേശത്തെ സാമ്പത്തിക വളർച്ചക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാകുമെന്നും സൗദി അറേബ്യയിലെ 72-ാമത് സ്റ്റോറിന്റെ ഉദ്ഘാടനം സൗദി വിഷൻ 2030-ലേക്കുള്ള ലുലുവിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ., ലുലു കെഎസ്എ ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.



