കൊച്ചി– കേരഫെഡിന്റെ കേര ഇനി കേരളത്തിലെ ഏറ്റവും വിലയേറിയ വെളിച്ചെണ്ണ. ലിറ്ററിന് വീണ്ടും 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെ കേര സ്വന്തമാക്കാൻ ഇനി 529 രൂപ നൽകേണ്ടി വരും. മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും മാർക്കറ്റിൽ 420 രൂപ മുതൽ 480 രൂപക്ക് വരെ വിൽക്കപ്പെടുമ്പോഴാണ് കേരയുടെ വില കുത്തനെ ഉയരുന്നത്. വെളിച്ചെണ്ണയുടെ നിലം തൊടാതെയുള്ള വിലവർധനക്ക് അറുതി വരുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി പി പ്രസാദ് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് തന്റെ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന കേരയുടെ വില പരിധിവിട്ട് ഉയർത്താൻ ഉള്ള അനുമതി നൽകിയത്.
നാല് മാസത്തിനുള്ളിൽ നാലാമത്തെ തവണ വില വർധിപ്പിച്ച നാൾവഴി അന്വഷിച്ച് പോയാൽ എത്തിനിൽക്കുക കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയിലേക്കായിരിക്കും. ഇതിനുപുറമേ, വൻകിട ലോബികളെ സഹായിക്കാൻ വിപണിവിലയേക്കാൾ കൂടിയ തുകക്ക് കൊപ്ര വാങ്ങിയതുമാണ് കേരയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കിയതെന്ന ആക്ഷേപം ശക്തമാണ്.
കൊപ്ര സംഭരണിയിൽ ഇന്നോളം പാലിച്ച് പോന്ന എല്ലാ വ്യവസ്ഥകളും അട്ടിമറിച്ചാണ് കേരഫെഡ് കുതിക്കുന്നത്. വിലകുറവിൽ നല്ല സാധനം വാങ്ങിക്കുക എന്ന വളരെ അടിസ്ഥാനപരമായ കച്ചവട ബുദ്ധിക്ക് അപ്പുറത്ത്, മാർക്കറ്റിൽ കിലോ 270 രൂപ വിലവരുന്ന കൊപ്ര വൻകിട ലോബികളിൽ നിന്ന് 299 രൂപക്ക് ലോഡ് കണക്കിന് വാങ്ങിയതായി ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ, വൻ അഴിമതി കൊപ്രക്ക് പിന്നിൽ നടന്നിട്ടുണ്ടെന്നും വില ഉയർത്താൻ ആവാതെ പിടിച്ച് നിൽക്കാൻ ആവില്ല എന്ന സ്ഥിതിയിലേക്ക് എത്തിച്ചത് ഈ നയമാണെന്നും ആരോപണമുണ്ട്.
കേര ലാഭം കൊയ്യുന്നത് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ കേരയുടെ വില കുത്തനെ ഉയർന്നതിനാൽ സാധാരണക്കാരനടക്കം മറ്റ് ബ്രാൻഡുകളിലേക്ക് തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓണക്കാലത്തിനായി മാസങ്ങൾക്ക് മുമ്പ് തന്നെ കേര കൊപ്ര സംഭരണം തുടങ്ങാറുണ്ട്, എന്നാൽ ഇക്കുറി കേരയുടെ ഗോഡൗണുകളിൽ മിക്കതും ഒഴിവാണ്. കൊപ്ര ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി ബ്രാൻഡിൽ മാത്രം ഉൽപ്പാദനം പല തവണ മുടങ്ങി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ നയങ്ങൾ കേരഫെഡിനെ നയിക്കുന്നത് നാശത്തിലേക്കാണ് എന്ന മുന്നറിയിപ്പ് ജനപ്രതിനിധികൾ ഉൾപ്പെടെ ഉയർത്തിയിട്ടും, വകുപ്പു മന്ത്രി പി പ്രസാദ് ഇടപെടുന്നില്ലെന്ന പരാതിയും ഉണ്ട്. കേര മുന്നറിയിപ്പില്ലാതെയുള്ള വിലവർധിപ്പിക്കുന്നതിനാൽ ഇന്നലെ കേരഫെഡിന്റെ കരുനാഗപ്പള്ളി പ്ലാന്റിൽ ഡീലർമാരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രശ്നം രൂക്ഷമായപ്പോൾ ഒരു ദിവസം കൂടി പഴയ വിലക്ക് വെളിച്ചെണ്ണ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.