മോസ്കോ- അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന യുറേഷ്യൻ എക്കണോമിക് യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകൾക്ക് കളമൊരുങ്ങി. പ്രാരംഭ ചർച്ചകൾക്കുള്ള വ്യവസ്ഥകക്ക് അന്തിമ രൂപം നൽകുന്ന രേഖയിൽ ഇരു കക്ഷികളും ഒപ്പുവച്ചു. വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അജയ് ഭദൂവും യുറേഷ്യൻ ഇക്കണോമിക് കമ്മീഷന്റെ ട്രേഡ് പോളിസി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മിഖായേൽ ചെറകീവും ചേർന്നാണ് ചർച്ചാ നിബന്ധനകളിൽ ഒപ്പുവച്ചത്. യുറേഷ്യൻ ഇക്കണൊമിക് കമ്മീഷൻ വ്യാപാര ചുമതലയുള്ള മന്ത്രി അന്ദ്രേ സെപ്ലനോവുമായും അജയ് ഭദൂ കൂടിക്കാഴ്ച നടത്തി.
യൂറേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വിപൂലീകരിക്കുന്നതിനും നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുന്നതിനും വരാനിരിക്കുന്ന സ്വതന്ത്ര്യ വ്യാപാര കരാർ വഴിയൊരുക്കും. 2024ൽ യുറേഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യയ്ക്കുമിടയിലെ വ്യാപാരം 69 ബില്യൻ യു.എസ് ഡോളറിന്റേതായിരുന്നു. 2023നെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് വർധന.
6.5 ട്രില്യൺ യുഎസ് ഡോളറിന്റെ സംയുക്ത ജിഡിപിയുള്ള യൂറേഷ്യൻ വിപണിയിൽ ഇന്ത്യൻ വ്യാപാരികൾക്കും നിക്ഷേപകർക്കും പുതിയ വ്യാപാര കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം വിപുലീകരിക്കാനും, വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കാനും, സർക്കാർ നിയന്ത്രിത വിപണി സമ്പദ്‌വ്യവസ്ഥകളുമായുള്ള മത്സരശേഷി വർധിപ്പിക്കാനും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗണ്യമായ നേട്ടങ്ങൾ കൊയ്യാനും സഹായകമാകും.
ഇപ്പോൾ ഒപ്പുവയ്ക്കപ്പെട്ട കരാർ സ്വന്തന്ത്ര വ്യാപാര കരാറിന്റെ ചട്ടക്കൂടാണ്. ഇന്ത്യയും യുറേഷ്യൻ രാജ്യങ്ങളും തമ്മിൽ ദീർഘകാല സാമ്പത്തിക പങ്കാളിത്തവും സഹകരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരാർ വേഗത്തിൽ പൂർത്തീകരിക്കാനും വ്യാപാര സഹകരണത്തിനുള്ള ദീർഘകാല സ്ഥാപന ചട്ടക്കൂട് നിർമിക്കാനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്, വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് പ്രധാന സ്വതന്ത്ര വ്യാപാര കരാറുകളാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒപ്പുവച്ചത്. നിരവധി പുതിയ കരാറുകളിൽ പുരോഗതി കൈവരിച്ചിട്ടുമുണ്ട്. 2021-ൽ നടപ്പാക്കിയ ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ, പങ്കാളിത്ത കരാർ (2021), ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (2022) ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാർ, ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ് ആൻഡ് എക്കണോമിക് പാർട്ണർഷിപ്പ് അഗ്രിമെന്റ് (2024), ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (2025) എന്നിവയാണ് ഒപ്പുവച്ച കരാറുകൾ.
അതേസമയം, ഒമാനുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി. യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ശ്രീലങ്ക, ചിലി, പെറു, ന്യൂസിലൻഡ്, യു.എസ് എന്നീ രാജ്യങ്ങളുമായുള്ള വിവിധ വ്യാപാര കരാറുകൾ വിപുലമായ ചർച്ചകളിലാണ്.