തിരുവനന്തപുരം– സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് തലത്തിൽ. പവന്‍റെ വില 75,040 രൂപയായി ഉയർന്നു. ഇന്നത്തെ മാത്രം വില വർധന 760 രൂപയാണ്. ഗ്രാമിന് 85 രൂപ കൂടി 9,380 രൂപയായി.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. യു.എസ്-ജപ്പാൻ തമ്മിലുള്ള പുതിയ വ്യാപാര കരാറാണ് വില കുറയാൻ കാരണമായത്. ഡോളറിന്റെ മൂല്യത്തിൽ വന്ന കുറവും, യു.എസ് ട്രഷറി വരുമാനത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കും.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിഞ്ഞ് ഓൺസിന് 3,423 ഡോളറായാണ് വില കുറഞ്ഞത്. കൂടാതെ യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,437.70 ഡോളറായി
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ ട്രായ് ഔൺസ് വില 3,400 ഡോളർ കടന്നതോടെ, സംസ്ഥാനത്തും വലിയ വർധനയുണ്ടായി. ഇതു കാരണമാണ് പവന് വില 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. അന്നത്തെ വില 74,280 രൂപ (പവൻ)യും 9,285 രൂപ (ഗ്രാം)യുമായിരുന്നു.