കൊച്ചി: കേരള സ്വർണവിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 76,960 രൂപയാണ്. ആഗസ്റ്റ് 29ന് സർവകാല റെക്കോർഡായ 75,760 രൂപയായിരുന്ന വില ഒറ്റയടിച്ച് 1,200 രൂപ വർധിച്ചാണ് പുതിയ റെക്കോർഡിട്ടത്.
ആഗസ്റ്റ് 1 ലെ 73,200 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അവിടെ നിന്ന് പടിപടിയായി വർധിച്ച് 75,760-ലെത്തിയിരുന്നെങ്കിലും പിന്നീട് തുടർച്ചയായി വിലകുറഞ്ഞ് 73,720 വരെ താഴ്ന്നിരുന്നു. എന്നാൽ, പിന്നീട് അവിടെ നിന്ന് തുടർച്ചയായി വർധിച്ചാണ് ഇന്നത്തെ 76,960-ലെത്തിയിരിക്കുന്നത്. ഇതോടെ അധികം വൈകാതെ സ്വർണവില 80,000 തൊടുമെന്നാണ് കരുതുന്നത്.
രൂപയുടെ മൂല്യം കുറഞ്ഞതും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് സ്വർണവില അനിയന്ത്രിതമായി കൂടാൻ കാരണം എന്നാണ് വിദഗ്ധർ പറയുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ സ്വർണവില ഉയരാൻ കാരണമായി. ഇത് ഡോളറിനെ ദുർബലപ്പെടുത്തിയടോതെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിഞ്ഞു. ഇതിനു പുറമെ, ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുഎസ് താരിഫ് നയങ്ങളിലെ മാറ്റങ്ങളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു.
ഇന്ത്യയും ചൈനയും അടക്കമുല്‌ള സെൻട്രൽ ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങാൻ ആരംഭിച്ചതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. ഓണം അടക്കമുള്ള ഉത്സവകാലത്ത് കച്ചവടം വർധിച്ചതും വിലയിൽ പ്രതിഫലനമുണ്ടാക്കി.
2025-ന്റെ അവസാന പാദത്തോടെ സ്വർണവില ആഗോളതലത്തിൽ ഔൺസിന് (3.875 പവന്) 3,675 ഡോളറിൽ (3,08,700 രൂപ) എത്തുമെന്നും 2026-ന്റെ രണ്ടാം പാദത്തോടെ ഇത് ഔൺസിന് 4,000 ഡോളറിലെത്തുമെന്നാണ് പ്രവചനം. ചെറുകിട ഉപഭോക്താക്കൾക്ക് ഇത് തിരിച്ചടിയാണെങ്കിലും നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങാൻ മികച്ച അവസരമാണിത്.