കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്ന നേരത്തോ സൊറപറയുന്ന സമയങ്ങളിലോ ആണ് പ്രവാസികളുടെ സംരംഭങ്ങൾ ഏറെയും പൊട്ടിമുളക്കാറ്. വാമൊഴികളല്ലാത്ത മറ്റ് രേഖകളൊന്നും ഇതിന് ഉണ്ടാവാറില്ല. വിശ്വാസം അതല്ലേ എല്ലാം എന്നതാണ് കരാർ. ഇത്തരം സംരംഭങ്ങൾ ഒന്നങ്ങോട്ട് കുതിക്കും. പിന്നെ കിതക്കും. വൈകാതെ കെട്ടടങ്ങും. ചിലത് തുടക്കത്തിലെ ചരമം പ്രാപിക്കും. പലതും നിയമകുരുക്കുകളിൽ പെടും. സംരംഭങ്ങൾക്ക് നേതൃത്വം കൊടുത്തവൻ്റെ കയ്യിലിരിപ്പും കെണി ഒരുക്കാറുണ്ട്.
സംരംഭങ്ങൾ ഏതായാലും എവിടെയായാലും ഔദ്യോഗികമായ രേഖാമൂലമായിരിക്കണം. ഈ നിർബന്ധം നമുക്കുണ്ടെങ്കിൽ നേതൃത്വം കൊടുക്കുന്നവൻ്റെ ഉദ്ദേശശുദ്ധി വ്യക്തമാകും. മറ്റൊന്ന് നിയമപരമായി നീങ്ങുന്നതോടെ ഒരു സംരംഭം തുടങ്ങുന്നതിൻ്റെ കഷ്ടപ്പാടുകൾ തുടക്കത്തിലേ ബോധ്യപ്പെടും. പണം മുടക്കുന്നതിൻ്റെ മുമ്പേ തുടർന്ന് പോകണോ വേണ്ടയോ എന്ന് തീരുമാനത്തിലെത്താം. പാതി വഴിയിൽ പിന്തിരിയേണ്ടി വരില്ല.
ബിസിനസിലേക്കിറങ്ങുന്ന ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് സമ്പത്ത് മാത്രമല്ല, സമൂഹത്തിലെ സ്റ്റാറ്റസും കൂടിയാണ്. അത് കൊണ്ട് ഒരു കാര്യം പ്രത്യേകം ഓർക്കുക. വെല്ലുവിളികൾ നേരിടാൻ ശേഷിയുള്ളവർ മാത്രം സംരംഭകത്തിലേക്കിറങ്ങിയാൽ മതിയെന്ന് ചുരുക്കം.