അബുദാബി: എംഎ യൂസുഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിനു കീഴിലുള്ള, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയില്‍ ഹോള്‍ഡിങ് കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 28ന് ആരംഭിക്കും. യുഎഇ ഓഹരി വിപണിയിലാണ് കമ്പനി ലിസ്റ്റ് ചെയ്യുന്നത്. ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള പരിപാടികള്‍ ഉടന്‍ ആരംഭിക്കും. നവംബര്‍ 14ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ആര്‍ക്കൊക്കെ ഓഹരികള്‍ ലഭിക്കും
മാതൃകമ്പനിയായ ലുലു ഇന്റര്‍നാഷനല്‍ ഹോല്‍ഡിങ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയിലിന്റെ 25 ശതമാനം ഓഹരികള്‍ മാത്രമാണ് വിറ്റഴിക്കുന്നത്. 258.2 കോടി ഓഹരികള്‍ വരുമിത്. ഓഹരിയുടെ വില പ്രഖ്യാപിച്ചിട്ടില്ല. ആകെ വിറ്റഴിക്കുന്ന ഓഹരികളുടെ ഒരു ശതമാനം ലുലു റീട്ടെയിലിന്റെ ഭരണനിര്‍വഹ ചുമതലകള്‍ വഹിക്കുന്ന സീനിയര്‍ എക്‌സ്‌ക്യൂട്ടീവുകള്‍ക്കായി നീക്കിവച്ചിരിക്കുന്നു. 10 ശതമാനമാണ് യുഎഇയിലെ ചെറുകിട, സാധാരണ നിക്ഷേപകര്‍ക്കും യോഗ്യരായ ലുലു ഗ്രൂപ്പ് ജീവനക്കാര്‍ക്കുമായി മാറ്റിവച്ചിട്ടുള്ളത്. 89 ശതമാനം വരുന്ന ഭൂരിപക്ഷ ഓഹരികളും വന്‍കിട നിക്ഷേപകര്‍ക്കായി (യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍) നീക്കിവച്ചിരിക്കുന്നു.
ഏത്ര ഓഹരികള്‍ വാങ്ങാം
ചെറുകിട നിക്ഷേപകര്‍ക്ക് മിനിമം 1000 ഓഹരികളും യോഗ്യരായ ജീവനക്കാര്‍ക്ക് മിനിമം 2000 ഓഹരികളും ഉറപ്പു നല്‍കും. ചെറുകിട നിക്ഷേപകര്‍ക്കുള്ള മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 5000 ദിര്‍ഹം ആയി നിശ്ചയിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ഓരോ അധിക നിക്ഷേപവും ചുരുങ്ങിയത് 1000 ദിര്‍ഹം ആയിരിക്കണം. വന്‍കിട നിക്ഷേപകരുടെ മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 50 ലക്ഷം യുഎഇ ദിര്‍ഹം ആണ്. യോഗ്യരായ ലുലു ഗ്രൂപ്പ് സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 50,000 ദിര്‍ഹമും ഓരോ അധിക നിക്ഷേപവും ചുരുങ്ങിയത് 1000 ദിര്‍ഹം വീതവുമാണ്. കമ്പനിയുടെ വാര്‍ഷിക അറ്റാദായത്തിന്റെ 75 ശതമാനം ലാഭവിഹിതമായി വര്‍ഷത്തില്‍ രണ്ടു തവണ വിതരണം ചെയ്യും. ഈ വര്‍ഷം രണ്ടാം പകുതിയിലെ ലാഭവിഹിതം അടുത്ത വര്‍ഷം (2025) ആദ്യ പകുതിയില്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഐപിഒ സമക്രമം ഇങ്ങനെ
ഓഹരിയുടെ വില ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കും. അന്നു തന്നെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ഓഹരികള്‍ വാങ്ങുന്നതിനായി ചെറുകിട നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. നവംബര്‍ ആറിന് അന്തിമ ഓഹരി വില പ്രഖ്യാപിക്കും. നവംബര്‍ 12ന് ചെറുകിട നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഓഹരികളുടെ എണ്ണം അറിയിക്കും. തുടര്‍ന്ന് ലഭിക്കാത്ത ഓഹരി തുക റീഫണ്ട് ചെയ്യും. നവംബര്‍ 14ന് അബുദാബി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യും.