ദുബൈ – ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിമാന നവീകരണം ആരംഭിച്ച് എമിറേറ്റ് എയർലൈൻസ്. ലോകത്തെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എയർബസ് എ380 അടക്കം തങ്ങളുടെ 220 വൈഡ് ബോഡി വിമാനങ്ങളിൽ 5 ബില്ല്യൺ ഡോളറിന്റെ (18.36 ബില്ല്യൺ ദിർഹം) നവീകരണപ്രവർത്തനങ്ങൾക്കാണ് ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇന്റീരിയറിലെ നിറങ്ങൾ, സീറ്റുകൾ, ക്ലോത്തുകൾ തുടങ്ങി അകത്തും പുറത്തും നടപ്പാക്കുന്ന ‘മോഡിഫിക്കേഷൻ’ യാത്രക്കാർക്ക് പുത്തൻ യാത്രാനുഭവം സമ്മാനിക്കാനിദ്ദേശിച്ചാണ് നടപ്പിലാക്കുന്നത്.
2020-ൽ എമിറേറ്റ്‌സ് ബുക്ക് ചെയ്ത 777എക്‌സ് വൈഡ്‌ബോഡി വിമാനങ്ങൾ ഇതുവരെ ലഭ്യമാക്കാൻ അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിങ്ങിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് 777 ശ്രേണിയിലുള്ള വിമാനങ്ങൾ പുതുമോടിയിൽ ഇറക്കാൻ എമിറേറ്റ്‌സ് തീരുമാനിക്കുന്നത്. ആദ്യഘട്ടത്തിൽ എയർബസ് എ380 മോഡലിലുള്ള 77 വിമാനങ്ങളും ബോയിങ് 777 മോഡൽ 53 വിമാനങ്ങളും പുതുക്കിപ്പണിയാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് എണ്ണം വർധിക്കുകയായിരുന്നു. വിമാനങ്ങളുടെ ആയുസ്സ് വർധിപ്പിക്കുക എന്നതുകൂടി ഈ ഭീമൻ പൊളിച്ചുപണിയുടെ ലക്ഷ്യമാണ്.

എ380 വിമാനങ്ങൾ പൂർണമായി പൊളിച്ചുപണിയുക എന്ന ഉദ്യമത്തിന് ഇതുവരെ മറ്റൊരു കമ്പനിയും മുതിർന്നിട്ടില്ലെന്നും, പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിമാനത്തിൽ നടത്തിയ പണികൾ രണ്ട് മാസമെടുത്തെങ്കിലും വിജയകരമായതോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും എമിറേറ്റ്‌സിന്റെ എഞ്ചിനീയറിങ് ആന്റ് എം.ആർ.ഒ വിഭാഗം തലവൻ അഹ്‌മദ് സഫ പറയുന്നു: ‘ഈ പ്രൊജക്ടിന്റെ ഐഡിയയും വിശദാംശങ്ങളും ആദ്യമായി അവതരിപ്പിച്ചപ്പോൾ റൂമിലുണ്ടായിരുന്ന കണ്ണുകളിൽ ഭയമാണ് കണ്ടത്. കണക്കിന്റെ രൂപത്തിൽ ഈ പ്രൊജക്ട് അവതരിപ്പിക്കുകയാണെങ്കിൽ അത് ഭയപ്പെടുത്തുന്നതു പോലെ തന്നെയാണ്; നിങ്ങൾ കണ്ട ഏറ്റവും കഠിനമായ ഗണിത ഫോർമുല ആയിരിക്കാം അത്…’
എന്തൊക്കെ മാറ്റങ്ങൾ?
വിമാനത്തിന്റെ ഇന്റീരിയർ ഭാഗത്ത് വരുത്തുന്ന സുപ്രധാന മാറ്റങ്ങൾ ഇവയാണ്.
എല്ലാ ക്ലാസുകളിലും പുതിയ സീറ്റുകൾ: 8,104 പ്രീമിയം ഇക്കോണമി സീറ്റുകൾ, 1,894 നവീകരിച്ച ഫസ്റ്റ് ക്ലാസ് സ്യൂട്ടുകൾ, 11,182 മെച്ചപ്പെടുത്തിയ ബിസിനസ് ക്ലാസ് സീറ്റുകൾ, 21,814 ഇക്കോണമി ക്ലാസ് സീറ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കും. ആധുനിക ഡിസൈനും മുന്തിയ മെറ്റീരിയലുകളും ഉൾപ്പെടുന്ന ഈ മാറ്റം കൂടുതൽ മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.
പ്രീമിയം ഇക്കോണമി: എമിറേറ്റ്‌സ് നടപ്പിലാക്കി വിജയിപ്പിച്ച പ്രീമിയിം ഇക്കണോമിയിൽ കാര്യമായ മാറ്റമാണ് വരുന്നത്. ലക്ഷ്വറി സീറ്റുകളും കൂടുതൽ ലെഗ്റൂമും മറ്റ് എയർലൈനുകളുടെ ബിസിനസ് ക്ലാസിന് സമാനമായ സേവനവും നൽകുന്ന പ്രീമിയം ഇക്കോണമി ക്യാബിനുകൾ പരിഷ്‌കരിക്കുകയും എണ്ണം വർധിപ്പിക്കുകയും ചെയ്യും. 2025-ന്റെ അവസാനത്തോടെ 70-ലധികം നഗരങ്ങളിൽ വർഷം തോറും 20 ലക്ഷത്തിലധികം പ്രീമിയം ഇക്കോണമി സീറ്റുകൾ ലഭ്യമാകും, 2026-ഓടെ ഇത് 40 ലക്ഷമായി ഇരട്ടിയാകും.
ബിസിനസ് ക്ലാസ്: ബോയിംഗ് 777-കളിൽ ഇപ്പോഴത്തെ ബിസിനസ് ക്ലാസ് സീറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് 2-3-2 ലേഔട്ടിലാണ്. ബിസിനസ് യാത്രക്കാർ അത്ര പ്രിയങ്കരമല്ലാത്ത ഈ ലേഔട്ട് മാറ്റി 2-2-2 അല്ലെങ്കിൽ 1-2-1 ആക്കിമാറ്റും. എല്ലാവർക്കും ഇടനാഴിയിലേക്കുള്ള ആക്‌സസ്, 20.7 ഇഞ്ച് വീതിയുള്ള ലെതർ സീറ്റുകൾ, 180 ഡിഗ്രി ഫ്‌ളാറ്റ് ബെഡുകൾ, തേക്ക് കൊണ്ടുള്ള ഡൈനിംഗ് ടേബിളുകൾ, ഒന്നിലധികം ചാർജിംഗ് ഔട്ട്ലെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഫസ്റ്റ് ക്ലാസ്: ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളിൽ പുതിയ നിറത്തിലുള്ള പാലറ്റുകൾ, പാനലുകൾ, അപ്‌ഹോൾസ്റ്ററി എന്നിവ വരും. ഇവ എമിറേറ്റ്സിന്റെ നവീകരിച്ച ബ്രാൻഡിംഗിന് അനുസൃതമായി നവീകരിക്കും.
ഇക്കോണമി ക്ലാസ്: പുതിയ ഡിസൈനുകളും മെറ്റീരിയലുകളും ഉപയോഗിച്ച് ഇക്കോണമി സീറ്റുകളും മെച്ചപ്പെടുത്തും. ബോയിംഗ് 777-ൽ പ്രീമിയം ഇക്കോണമി സീറ്റുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 50 ഇക്കോണമി സീറ്റുകൾ കുറയ്ക്കും. ഈ ഗണത്തിലുള്ള ഓരോ വിമാനത്തിലും 256 ഇക്കോണമി സീറ്റുകൾ ഉണ്ടാകും.
സൗന്ദര്യവൽക്കരണം, ബ്രാന്റിംഗ്
പുതിയ വർണ്ണ പാലറ്റും മെറ്റീരിയലുകളും: എമിറേറ്റ്‌സിന്റെ പ്രസിദ്ധമായ തേൻനിറത്തിലുള്ള തടിക്കു പകരം തേക്കും ഇരുണ്ട നിറമുള്ള തടിയും ഉൾപ്പെടുത്തുന്ന മോഡേൺ കളർ പാലറ്റ് ഉപയോഗിക്കും. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിന്റെ മോട്ടിഫുകൾ ബൾക്‌ഹെഡുകളിലും ക്യാബിനിലും ഉൾപ്പെടുത്തി സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കും. ഇതിനുപുറമെ പുതിയ ടോണുകളും ഡിസൈനുകളും ഉപയോഗിച്ച് കാർപ്പെറ്റുകൾ, പടികൾ, ക്യാബിൻ ഇന്റീരിയർ പാനലുകൾ എന്നിവയും നവീകരിക്കുന്നുണ്ട്.
വിമാനങ്ങൾക്ക് ദീർഘായുസ്സ്
വൻതുക ചെലവഴിച്ചുള്ള നവീകരണത്തിലൂടെ എയർബസ് എ380-കളുടെയും ബോയിങ് 777ന്റെയും ന്റെ ആയുസ്സ് 2040 വരെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. പുതുക്കിപ്പണിയുന്നതോടെ വിമാനത്തിന്റെ ഭാരത്തിൽ ചെറിയ തോതിലെങ്കിലും കുറവുണ്ടാകും. ഇത് ഇന്ധനച്ചെലവ് ലാഭിക്കാൻ സഹായിക്കും. സീറ്റുകളുടെ പാർട്ടുകളും അസംബ്ലി പാർട്ടുകളും മറ്റ് മെറ്റീരിയലുകളും കനംകുറഞ്ഞതാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ദുബായിലെ എമിറേറ്റ്സിന്റെ എഞ്ചിനീയറിംഗ് സെന്ററിലാണ് പൂർണമായും നവീകരണങ്ങൾ നടക്കുന്നത്. 16 മുതൽ 21 വരെ ദിവസമാണ് ഓരോ വിമാനത്തിനും ആവശ്യമായി വരിക. ഇങ്ങനെ മാസത്തിൽ നാല് വിമാനങ്ങൾ നവീകരിക്കും. സർവീസുകളെ ബാധിക്കാത്ത വിധമായിരിക്കും വിമാനങ്ങൾ ഗ്രൗണ്ട് ചെയ്ത് ജോലികൾക്കായി അയക്കുക.
ഒഴിവാക്കുന്ന സീറ്റുകളും മറ്റും ഉപേക്ഷിക്കുന്നതിനു പകരം റീസൈക്കിൾ ചെയ്ത് പുനരുപയോഗത്തിന് തയാറാക്കും. നവീകരണം നടക്കുന്ന 16 വിമാനങ്ങളിൽ നിന്നായി 14,000 കിലോഗ്രാം വസ്തുക്കൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ലെതർ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിച്ച് സ്യൂട്ട്‌കേസുകളും ബാക്ക്പാക്കുകളും ഹാൻഡ്ബാഗുകളും കാർഡ്‌ഹോൾഡറുകളും ടോയ്‌ലട്രി ബാഗുകളും ബെൽറ്റുകളും ഷൂകളുമെല്ലാം നിർമിക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് സ്റ്റോറുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഇത് വിലകൊടുത്തു വാങ്ങാം.
റീസൈക്കിൾ ചെയ്യുന്ന വസ്തുക്കളിൽ വലിയൊരു പങ്കും ആഫ്രിക്കയിലെയും മറ്റും എൻജിഒകളെ ഏൽപ്പിക്കുന്നുമുണ്ട്.