വലൻസിയ: യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുംവിധത്തിൽ പെരുമാറുകയും എയർലൈൻ സ്റ്റാഫിനോട് സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത ജൂതമതസ്ഥരായ 50 കുട്ടികളെ സ്‌പെയിനിലെ വൂലിങ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വേനൽക്കാല ജൂതമത ക്യാംപിൽ പങ്കെടുത്ത് ഫ്രാൻസിലേക്ക് പോകാനിരുന്ന 10-നും 15-നുമിടയിൽ പ്രായമായ കുട്ടികളെയാണ് പുറത്താക്കിയത്.
വലൻസിയ വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ, വിമാനത്തിനുള്ളിൽ കുട്ടികളുടെ പെരുമാറ്റം അക്രമാസക്തമായിരുന്നുവെന്നും എമർജൻസി ഉപകരണങ്ങളടക്കം നശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും വൂലിങ് എയർലൈൻസ് വിശദീകരിച്ചു.
എയർലൈൻ സ്റ്റാഫ് വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സ്പാനിഷ് പൊലീസ് ആണ് കുട്ടികളെയും അവർക്കൊപ്പം യാത്ര ചെയ്ത മുതിർന്നവരെയും വിമാനത്തിൽ നിന്നു പുറത്താക്കിയത്. ഇറങ്ങാൻ കൂട്ടാക്കാത്ത ക്യാംപ് കൗൺസലറെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവം ഗുരുതരമായ സെമിറ്റിക് വിരുദ്ധതയാണെന്ന് ഇസ്രായിൽ സെമിറ്റിക് വിരുദ്ധതാ മന്ത്രി അമിചായ് ചിൽകി ആരോപിച്ചു. എന്നാൽ, സാധാരണ നടപടിക്രമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിന് മതവുമായി ബന്ധമില്ലെന്നും വൂലിങ് എയർലൈൻസ് വ്യക്തമാക്കി.
‘യാത്രക്കാരുടെ പെരുമാറ്റം വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരുന്നു. കുട്ടികൾ വളരെയധികം അക്രമാസക്തമായ രീതിയിലാണ് പെരുമാറിയത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മോശം പെരുമാറ്റം തുടർന്നതോടെ സ്വാഭാവികമായ സുരക്ഷാ നടപടികളിലേക്ക് കടക്കേണ്ടിവന്നു. പൂർണമായ പ്രൊഫഷണലിസത്തോടെയും നടപടിക്രമങ്ങളോടെയും പ്രവർത്തിച്ച വിമാന ജീവനക്കാർ സിവിൽ ഗാർഡിന്റെ സഹായം തേടുകയായിരുന്നു.’
– വൂലിങ് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
‘ഞങ്ങളുടെ ജീവനക്കാരുടെ തീരുമാനത്തിനു പിന്നിൽ മതപരമായ കാരണങ്ങളാണെന്ന എല്ലാ ആരോപണങ്ങളെയും തള്ളിക്കളയുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് നടപടി സ്വീകരിച്ചത്. എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരായ സമീപനമാണ് വൂലിങ്ങിന്റേത്.’
വൂലിങ് വിശദീകരിച്ചു.