വാഷിങ്ടൺ: പറന്നുയർന്ന് 10,000 അടി ഉയരത്തിലെത്തിയ ശേഷം എഞ്ചിൻ തകരാറിലായ യുനൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വാഷിങ്ടൺ ഡളസ് എയർപോർട്ടിൽ നിന്ന് ജർമനിയിലെ മ്യൂണിക്കിലേക്ക് പുറപ്പെട്ട ബോയിങ് 787 ഡ്രീംലൈൻ വിമാനമാണ് പൈലറ്റുമാരുടെയും എയർപോർട്ട് അധികൃതരുടെയും ഉചിതമായ ഇടപെടൽ കൊണ്ട് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ജൂലൈ 25-ന് നടന്ന സംഭവത്തിന്റെ വാർത്ത ഇന്നലെയാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
219 യാത്രക്കാരും 11 ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഇടത് എഞ്ചിന് തകരാറിലാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ പൈലറ്റ് ‘മെയ് ഡേ’ സന്ദേശം അയക്കുകയായിരുന്നു.
‘തകരാർ. എഞ്ചിൻ തകരാർ. ഇടത് എഞ്ചിൻ. യുനൈറ്റഡ് 108. അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്നു. മെയ് ഡേ, മെയ് ഡേ, മെയ് ഡേ…’
എന്നായിരുന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ ശബ്ദസന്ദേശം. റൺവേയിലെ തടസ്സങ്ങളെല്ലാം നീക്കി സുരക്ഷിതമാക്കിയ എയർ ട്രാഫിക് കൺട്രോൾ, ലാൻഡ് ചെയ്യാൻ നിർദേശം നൽകി. ‘നിങ്ങൾക്കും ഫീൽഡിനുമിടയിൽ ആരുമില്ല’ എന്നാണ് എയർ ട്രാഫിക് കൺട്രോൾ നൽകിയ സന്ദേശം.
തിരിച്ചുപറക്കുന്നതിനിടെ വിമാനത്തിലുണ്ടായിരുന്ന ഇന്ധനം പുറത്തേക്ക് കളയുകയും പ്രാദേശികസമയം രാത്രി 8.30-ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. ഫയർ എഞ്ചിനുകൾ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ തയാറായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളില്ലാതെ വിമാനം നിലംതൊട്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. മറ്റ് വിമാനങ്ങളുടെ സർവീസുകളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും യാത്രക്കാർക്ക് പരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.