പാനൂർ (കണ്ണൂർ)– മകളുടെ 41-ാം ചരമദിന ചടങ്ങിന് സാധനങ്ങൾ എത്തിച്ച ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്കൂളിന് സമീപം കുണ്ടൻചാലിൽ ജാനു (85) ആണ് ദാരുണമായി മരിച്ചത്. വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന ജാനുവിന്റെ മേൽ ലോറി മറിഞ്ഞു വീഴുകയായിരുന്നു.
കാൻസർ ബാധിച്ച് മരിച്ച പുഷ്പയുടെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് അപകടം. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു. ചടങ്ങിനുള്ള വാടക സാധനങ്ങൾ എത്തിച്ച മിനിലോറി വീടിന് സമീപമുള്ള തിട്ടയിൽ നിർത്തിയ ശേഷം, ഡ്രൈവർ സ്കൂട്ടർ മാറ്റാൻ ഇറങ്ങിയപ്പോൾ ലോറി ഉരുണ്ട് 10 മീറ്റർ താഴേക്ക് മുറ്റത്തേക്ക് വീഴുകയായിരുന്നു. റോഡിനോട് ചേർന്നുള്ള അലക്കുകല്ലിൽ ലോറിയുടെ മുൻഭാഗം കുത്തിനിന്നു. ലോറിക്കടിയിൽപ്പെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു, തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാനുവിന്റെ സംസ്കാരം ഇന്ന് വീട്ടുപറമ്പിൽ നടക്കും.