വടകര- കോഴിക്കോട് തൂണേരിയിൽ ബഡ്സ് സ്കൂളിന് മുകളിലേക്ക് മതിൽ തകർന്നു വീണു. തൂണേരി കുടുബാംരോഗ്യ കേന്ദ്രം, ആയൂര്‍വ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നീ സമുച്ഛയങ്ങളുടെ അരികിലായി സ്ഥിതി ചെയ്യുന്ന സ്‌കൂളിന് പിന്‍വശമുള്ള കാണാഞ്ചേരി മൊയ്തു എന്നയാളുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഞായറാഴ്ച രാത്രിയാണ് മതിൽ തകർന്നത്. സ്കൂളിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂൾ ആയ ബഡ്സ് സ്കൂളിന് മുകളിലേക്കാണ് ഞായറാഴ്ച രാത്രിയിലെ ശക്തമായ മഴയിൽ മതിൽ തകർന്നത്. പാചകപ്പുരയുടേയും ശൗച്യാലയത്തിന്റെയും മുകളിലേക്കാണ് ഭിത്തി വീണത്. മഴയിൽ കുതിർന്നാണ് മതിൽ തകർന്നത് എന്നാണ് കരുതപ്പെടുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള അമ്പതോളം പേരാണ് ഈ ബഡ്‌സ് സ്‌കൂളില്‍ എത്തിയിരുന്നത്.
