ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറിയ സംഭവത്തില്‍ 53-കാരനായ ബ്രിട്ടീഷ് പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുട്ടികളടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്.
മദ്യപിച്ച് ബാറിൽ നിന്നിറങ്ങിയ വെളുത്ത വർഗക്കാരനായ ബ്രിട്ടീഷ് പൌരൻ 30 മൈൽ വേഗത്തിലാണ് കാർ ലിവർപൂളിന്റെ വിക്ടറി പരേഡിലേക്ക് ഓടിച്ചുകയറ്റിയത്. ഒരു മുതിർന്നയാളെയും രണ്ട് കുട്ടികളെയും കാറിന്റെ അടിയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രോഷാകുലരായ ആരാധകർ കാർ തകർക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പൊലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
പരേഡിൽ പങ്കെടുത്ത ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തില്‍ മറ്റാരെയും സംശയമില്ലെന്നും താല്‍ക്കാലിക ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദ ബന്ധവുമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വോഷണങ്ങള്‍ നടക്കുകയാണ്.