ദമാം – ദമാമിലെ ഉഹദ് ഡിസ്ട്രിക്ടില്‍ കൂറ്റന്‍ ക്രെയിന്‍ പതിച്ച് കാര്‍ തകര്‍ന്നു. കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിര്‍മാണ സ്ഥലത്തിനു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്കാണ് അപ്രതീക്ഷിതമായി ക്രെയിന്‍ തകര്‍ന്നുവീണത്. ക്രെയിന്‍ തകര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍ പെട്ട് വേഗത്തിൽ ഡ്രൈവര്‍ സീറ്റില്‍ നിന്ന് പിന്‍സീറ്റിലേക്ക് ചാടിയതാണ് ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ദൃക്‌സാക്ഷികളുടെ വിവരങ്ങളും അപകടത്തിന്റെ പ്രചരിക്കുന്ന വീഡിയോയും വെളിപ്പെടുത്തി.


അപകടം കണ്ട് ഓടിയെത്തിയവര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് അറിഞ്ഞ് തക്ബീര്‍ ധ്വനികള്‍ മുഴക്കി. കിഴക്കന്‍ പ്രവിശ്യ ട്രാഫിക് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിനും തകര്‍ന്ന കാറും നീക്കം ചെയ്യാനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളും സാങ്കേതിക സംഘവും സ്വീകരിച്ചു. ജനവാസ കേന്ദ്രത്തില്‍ കൂറ്റന്‍ ക്രെയിന്‍ അപകടകരമായ രീതിയില്‍ തകര്‍ന്നുവീഴാനുണ്ടായ കാരണങ്ങളെ കുറിച്ച് സാങ്കേതിക, എന്‍ജിനീയറിംഗ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



