തെല്‍അവീവ് – ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെതായി ഇസ്രായിലി സൈന്യം. തെക്കന്‍ ലെബനോനില്‍ ഗുരുതരമായ പരിക്കേറ്റ് ക്യാപ്റ്റന്‍ ഷഹര്‍ ഗാംല (23) മരിച്ചു. വെള്ളിയാഴ്ച സര്‍ജന്റ് ഒഹാദ് യാരി (21) കൊല്ലപ്പെട്ടതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 17 ന് ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം കൊല്ലപ്പെട്ട ഇസ്രായിലികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. തെക്കന്‍ ലെബനോനില്‍ 14 സൈനികരും ഒരു സിവിലിയന്‍ കോണ്‍ട്രാക്ടറും വടക്കന്‍ ഇസ്രായിലില്‍ രണ്ട് സൈനികരുമാണ് ഹിസ്ബുല്ല ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തലിന് ആക്രമണം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
മാര്‍ച്ച് 2 ന് യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 3,560 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ തങ്ങളുടെ 29 സൈനികരും ഒരു സിവിലിയന്‍ കോണ്‍ട്രാക്ടറും കൊല്ലപ്പെട്ടതായി ഇസ്രായിലി സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഷിംഗ്ടണില്‍ വെച്ച് നടത്തിയ നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ലെബനോനും ഇസ്രായിലും തമ്മില്‍ സോപാധികമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടിട്ടും, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിഡോണ്‍ ജില്ലയിലെ സക്സകിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് വനിതകള്‍ രക്തസാക്ഷികളാകുകയും മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ ദക്ഷിണ ലെബനോനില്‍ ലെബനീസ് സൈനിക വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള രണ്ടു ഉദ്യോഗസ്ഥരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.



