വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നിർണായക വിജയം കൈവരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് സൈന്യം യുദ്ധം അവസാനിപ്പിച്ചതായും, ഓപ്പറേഷൻ എപ്പിക് ഫ്യൂരി പൂർത്തിയായ പശ്ചാത്തലത്തിൽ ഇറാന്റെ സൈനിക ശേഷി തകർക്കാനുള്ള തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇപ്പോൾ അമേരിക്ക നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു റൂബിയോ.
ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർക്കാനും മിസൈൽ ലോഞ്ചറുകളുടെ എണ്ണത്തിലും ഡ്രോൺ ശേഖരത്തിലും വൻ കുറവ് വരുത്താനും സാധിച്ചതാണ് അമേരിക്കയുടെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇറാന്റെ അവശേഷിച്ച വ്യോമസേനയെ പൂർണ്ണമായി നശിപ്പിക്കാനും അവരുടെ നാവികസേനയെ ഒന്നടങ്കം ഇല്ലാതാക്കാനും അമേരിക്കൻ സൈന്യത്തിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവി എന്താകണം എന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന ചർച്ചകളുടെ പ്രധാന കേന്ദ്രബിന്ദു ഇതാണെന്ന് റൂബിയോ വെളിപ്പെടുത്തി. ഇറാൻ ഇതുവരെയും സമാധാന കരാറിന് പൂർണ്ണമായ സമ്മതം അറിയിച്ചിട്ടില്ല. ഇറാനുമായി ഞങ്ങൾ നടത്തുന്ന കത്തിടപാടുകളിൽ ഈ വിഷയം വ്യക്തമായി ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അവരുടെ ഭാഗത്തുനിന്നും അന്തിമമായ ഒരു അംഗീകാരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മാർക്കോ റൂബിയോ സമിതിയോട് പറഞ്ഞു.



