ദുബായ് / അബുദാബി: യു.എ.ഇയിലെ ദുബായിലും അബുദാബിയിലുമായി രണ്ട് മലപ്പുറം സ്വദേശികൾ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിയായ യുവാവ് ദുബായിലും, തിരുനാവായ സ്വദേശി അബുദാബിയിലുമാണ് മരണപ്പെട്ടത്.
ദുബായിൽ ഫൊട്ടോഗ്രഫറായ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി കൊക്കോട്ടിൽ ഹൗസിൽ സക്കീർ (40) ആണ് ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. അബൂബക്കർ–ബീവി ദമ്പതികളുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ നാല് വർഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്തുവരികയായിരുന്നു. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ദുബായ് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബായ് മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.
ചികിത്സയിലായിരുന്ന തിരുനാവായ സ്വദേശി അബുദാബിയിൽ അന്തരിച്ചു
മലപ്പുറം തിരുനാവായ സൗത്ത് പല്ലാർ സ്വദേശി മങ്ങാട്ടുചാലിൽ കുഞ്ഞുമുഹമ്മദ് (56) ആണ് അബുദാബിയിൽ അന്തരിച്ചത്. അസുഖത്തെ തുടർന്ന് മഫ്രഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബുദാബി ഗൾഫ് ഫോർ കാർപെറ്റ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനും അബുദാബി ഐ.സി.എഫ് പ്രവർത്തകനുമായിരുന്നു. പരേതരായ മങ്ങാട്ടുചാലിൽ പരിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഫാരിഷ, മുഹമ്മദ് ലുബൈബ്. മരുമകൻ: ഫൈസൽ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.



