അമൃത്സർ: സ്കൂൾ ഫീസ് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെയും അധികൃതരുടെ മാനസിക പീഡനത്തെയും തുടർന്ന് അമൃത്സറിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. ഭാവിയിൽ ഒരു ഐ.എ.എസ് ഓഫീസറാകാൻ ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥിനിയാണ് സ്കൂൾ അധികൃതരുടെ പീഡനത്തിൽ മനംനൊന്ത് കടുംകൈ ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സ്കൂൾ അധികൃതർക്കെതിരെ ഗുരുതരമായ മാനസിക പീഡനമാരോപിച്ച് പെൺകുട്ടി മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പലിനും ഒരു ജീവനക്കാരനുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 20,000 രൂപയുടെ ഫീസ് കുടിശ്ശികയെച്ചൊല്ലിയാണ് സ്കൂളിൽ തർക്കമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ സ്കൂൾ അധികൃതരിൽ നിന്ന് ക്രൂരമായ മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണം അടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അധികൃതർ തയ്യാറായില്ലെന്നും, സ്കൂളിൽ വെച്ച് നിരന്തരം അപമാനിച്ചതായും മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. ഈ വീഡിയോ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, സ്കൂൾ അധികൃതർ പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. ഫീസിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അമൃത്സർ പോലീസ് വ്യക്തമാക്കി.



