മക്ക – ഇത്തവണത്തെ ഹജ് സീസണില്‍ മശാഇര്‍ മെട്രോ സര്‍വീസുകളില്‍ സഞ്ചരിച്ചത് 19 ലക്ഷത്തിലേറെ യാത്രക്കാര്‍. മശാഇര്‍ മെട്രോ സര്‍വീസുകളില്‍ ദുല്‍ഹജ് ഏഴ്, എട്ട് ദിവസങ്ങളില്‍ 23,000 ലേറെ പേരും ദുല്‍ഹജ് ഒമ്പതിന് മിനായില്‍ നിന്ന് അറഫയിലേക്ക് 2,91,000 ലേറെ പേരും അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 2,89,000 ലേറെ ഹാജിമാരും ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് 3,57,000 ലേറെ തീര്‍ഥാടകരും തശ്‌രീഖിന്റെ ദിനങ്ങളില്‍ 9,62,000 ലേറെ പേരുമാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഹജ് സീസണിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന ഘട്ടം പൂര്‍ത്തിയായതായി സൗദി അറേബ്യ റെയില്‍വേയ്‌സ് പ്രഖ്യാപിച്ചു. അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളിലെ ഒമ്പത് സ്റ്റേഷനുകള്‍ക്കിടയില്‍ 19 ലക്ഷത്തിലധികം യാത്രക്കാരാണതാ മെട്രോ സര്‍വീസുകളില്‍ സഞ്ചരിച്ചു. ഹജ് ദിവസങ്ങളില്‍ മശാഇര്‍ മെട്രോ 1,800 സര്‍വീസുകള്‍ നടത്തി.
ദുല്‍ഹജ് ഏഴു മുതല്‍ പതിമൂന്നിന് ഹജ് തീര്‍ഥാടനം പൂര്‍ത്തിയാകുന്നതുവരെ ഏഴ് ദിവസമാണ് മശാഇര്‍ മെട്രോ പ്രവര്‍ത്തിച്ചത്. ഹജിന്റെ ഓരോ ദിവസവും പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച ലക്ഷക്കണക്കിന് തീര്‍ഥാടകരെ മെട്രോ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്തു. അറഫയിലേക്കുള്ള പ്രാരംഭ യാത്ര മുതല്‍ മുസ്ദലിഫയിലേക്കുള്ള പുറപ്പെടല്‍, പിന്നീട് മിനായിലേക്കുള്ള വരവ്, ഒടുവില്‍ തശ്രീഖ് ദിവസങ്ങളില്‍ ജംറ പാലത്തിലേക്കുള്ള തീര്‍ഥാടകരുടെ നീക്കം എന്നിവയുടെ കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെ പുണ്യസ്ഥലങ്ങളില്‍ ഗതാഗതം സുഗമമാക്കാനും പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള തീര്‍ഥാടകരുടെ ചലനം സുഗമമാക്കാനും മെട്രോ സര്‍വീസുകള്‍ സഹായിച്ചു.
സൗദി ഭരണാധികാരികളില്‍ നിന്ന് റെയില്‍വേ മേഖലക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണ് ഈ വര്‍ഷത്തെ മശാഇര്‍ മെട്രോ പ്രവര്‍ത്തന പദ്ധതിയുടെ വിജയമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ സംയോജിത ശ്രമങ്ങളെ ഈ വിജയം പ്രതിഫലിപ്പിക്കുന്നു. തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിലുള്ള സൗദി ജീവനക്കാരുടെ കഴിവുകള്‍ക്ക് ഇത് അടിവരയിടുന്നു.
കൃത്യമായ ട്രെയിന്‍ ഗതാഗത മാനേജ്‌മെന്റിലൂടെയും സംയോജിത പ്രവര്‍ത്തന പ്രക്രിയകളിലൂടെയും ഉയര്‍ന്ന കാര്യക്ഷമതയോടെ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരുടെ ചലനം മശാഇര്‍ മെട്രോ സംവിധാനം സുഗമമാക്കി. ഇത് സുരക്ഷാ നിലവാരം വര്‍ധിപ്പിക്കുകയും തിരക്ക് കുറക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. വിഷന്‍ 2030 ന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങളെ പിന്തുണക്കുകയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ അവരുടെ യാത്ര എളുപ്പത്തിലും മനസ്സമാധാനത്തോടെയും സുഗമമാക്കുകയും ചെയ്യുന്ന നിലക്ക് ഹജ് സീസണുകളില്‍ സൗദി അറേബ്യ റെയില്‍വേയ്‌സ് പ്രവര്‍ത്തന ശേഷി വികസിപ്പിക്കുകയും സുസജ്ജത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായും ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു.



