തെഹ്‌റാന്‍ – നയതന്ത്രശ്രമങ്ങളെ വഞ്ചിക്കുന്നത് മൂന്നാം തവണയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നതായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ഉപദേഷ്ടാവായ മുഹ്സിന്‍ റെസായി. ഇറാനെതിരായ നാവിക ഉപരോധം തുടരുന്നതിലൂടെയും ചര്‍ച്ചകളില്‍ അമിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെയും ട്രംപ് മൂന്നാം തവണയും നയതന്ത്രത്തെ വഞ്ചിക്കുകയാണ്. ഇറാനെതിരായ യു.എസ് ഉപരോധത്തിന്റെ സ്വഭാവത്തില്‍ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പ്രസിഡന്റ് ട്രംപിന്റേതായി പറയപ്പെടുന്ന മുന്‍ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി ഉപരോധം മുമ്പത്തേതുപോലെ തന്നെ തുടരുകയാണെന്നും റെസായി സൂചിപ്പിച്ചു. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് നാവിക ഉപരോധം പിന്‍വലിച്ചതായി ട്രംപ് പ്രഖ്യാപിച്ചിട്ടും ഉപരോധം ഇപ്പോഴും നിലനില്‍ക്കുന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം സ്ഥിരീകരിച്ചു. ഉപരോധ രേഖക്ക് പിന്നില്‍ തുടരാന്‍ യു.എസ് നാവികസേന ഇറാന്‍ കപ്പലുകളോട് ഉത്തരവിട്ടതായും ഉപരോധം മറികടക്കരുതെന്ന് യുഎസ് നാവികസേനയില്‍ നിന്ന് ഇറാന്‍ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് തുടരുന്നതായും ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരായ നാവിക ഉപരോധം ഉടനടി എടുത്തുകളയാന്‍ താന്‍ ഉത്തരവിട്ടതായി ഇന്നലെ ട്രംപ് അറിയിച്ചിരുന്നു. ഇതിന് പകരമായി ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക അവസാനിപ്പിച്ചിട്ടില്ല എന്നാണ് ഇറാന്‍ ഇന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇറാനുമായി യുദ്ധം പുനരാരംഭിക്കാനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിനെ വിഴുങ്ങുകയും ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കുകയും ചെയ്ത സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും തന്റെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ഒരു കരാറിലും ഏര്‍പ്പെടില്ലെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.



