വാഷിംഗ്ടണ്‍ – ദുര്‍ബലമായ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടാനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുമുള്ള കരാറിന്റെ കാര്യത്തില്‍ യു.എസ്, ഇറാന്‍ ചര്‍ച്ചക്കാര്‍ സമ്മതിച്ചതായി അഭിജ്ഞ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇതുവരെ കരാറിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയോ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെയുള്ള ഇറാന്റെ നേതൃത്വത്തില്‍ നിന്നോ ഇതുവരെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. ഗള്‍ഫ് മേഖലയില്‍ ആഴ്ചകളോളം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടലിനുശേഷം സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭ ചട്ടക്കൂട് എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കരാറിനെ വിശേഷിപ്പിച്ചത്. ഈ കരാര്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് 60 ദിവസത്തെ ചര്‍ച്ചാ കാലയളവ് ആരംഭിക്കുകയും ചെയ്യുമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അന്തിമ കരാര്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിലെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം പറഞ്ഞു. ഇത് രണ്ട് ദീര്‍ഘകാല എതിരാളികള്‍ തമ്മിലുള്ള തുടര്‍ച്ചയായ ഭിന്നതകളും അവിശ്വാസവും എടുത്തുകാണിക്കുന്നു. ഇറാന്‍ സൈനിക കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണങ്ങളെയും ഇറാന്‍ സഖ്യസേനയുടെ പ്രതികാര ആക്രമണങ്ങളെയും തുടര്‍ന്ന് അടുത്തിടെ പ്രഖ്യാപിച്ച അസ്ഥിരമായ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു. തെക്കന്‍ ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലെ യു.എസ് സൈനിക താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. രാജ്യത്തിനെരായ തുടര്‍ച്ചയായ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു.



