കൊൽക്കത്ത– പശ്ചിമ ബംഗാളിലെ സ്‌കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലിയിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അംഗീകാരമുള്ള എല്ലാ എയ്ഡഡ്, അൺഎയ്ഡഡ് മദ്രസകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാർത്ഥികൾ ദേശീയ ഗീതം ആലപിച്ചിരിക്കണം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന തീരുമാനമാണിത്.
കഴിഞ്ഞ ആഴ്ചയിലാണ് പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വന്ദേമാതരത്തിലെ ആറ് ചരണങ്ങളും പൂർണ്ണമായി രാവിലത്തെ പ്രാർത്ഥനയിലോ അസംബ്ലിയിലോ പാടണമെന്നാണ് നിർദ്ദേശം. മുൻപത്തെ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട്, ഉടനടി പ്രാബല്യത്തിൽ വരുംവിധമാണ് സ്കൂളുകളിൽ ഈ നിയമം നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതേ നിയമം മദ്രസകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.



