ദുബായ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുഎഇയിലെ ജനവാസ മേഖലകളും പ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടെത്തിയ ആറ് ശത്രു ഡ്രോണുകൾ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അതീവ ജാഗ്രതയോടെ നടത്തിയ ഈ നീക്കത്തിലൂടെ വൻ അപകടമാണ് ഒഴിവായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; പ്രധാന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമില്ല.
കഴിഞ്ഞ മെയ് 17-ന് ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഡ്രോണുകൾ ഇറാഖിൽ നിന്നാണ് എത്തിയതെന്ന് വ്യക്തമായത്. അന്ന് വന്ന മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം യുഎഇ തകർത്തിരുന്നു. എന്നാൽ മൂന്നാമത്തേത് നിലയത്തിന്റെ പുറത്തുള്ള ഒരു വൈദ്യുതി ജനറേറ്ററിലാണ് പതിച്ചത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള ഏത് ശക്തമായ നടപടിയും സ്വീകരിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിടുന്ന ഏത് ഭീഷണിയെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.



