ദുബൈ- അറബ് നാഗരികതയുടെയും സംസ്കാരത്തിന്റെയും ഉൾത്തുടിപ്പുകൾ പേറുന്ന യു.എ.ഇയുടെ മണ്ണിൽ നിന്ന്, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കായി വർഷം തോറും അഞ്ചര ലക്ഷം രൂപയുടെ അവാർഡ് നൽകുമെന്ന് അക്കാഫ് (AKCAF) ഇവന്റ്സ് പ്രഖ്യാപിച്ചു.
വർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങളിലൂടെയുള്ള വോട്ടിങ്ങിലൂടെയും ജൂറി തീരുമാനപ്രകാരവും അക്കാഫ് ഈ പുരസ്കാരം നൽകിവന്നിരുന്നു. എം. ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രതിഭകൾക്ക് മുൻകാലങ്ങളിൽ ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഈ സർഗ്ഗാത്മക ഇടപെടൽ അടുത്ത വർഷം മുതൽ പുനരാരംഭിക്കുകയാണ്. ജീവിതം സാഹിത്യത്തിനായി സമർപ്പിക്കുകയും എന്നാൽ വാർദ്ധക്യത്തിലും രോഗപീഡകളിലും പ്രയാസപ്പെടുകയും ചെയ്യുന്ന പ്രതിഭകളെയും ഈ അവാർഡിനായി പരിഗണിക്കും.
പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മത്സരങ്ങളും അക്കാഫ് സംഘടിപ്പിച്ചുവരുന്നു. അക്കാഫ് ഓഫീസിൽ മികച്ച പുസ്തകശേഖരമുള്ള ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കത്തക്ക രീതിയിൽ രണ്ട് പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ അക്കാഫ് പ്രസിദ്ധീകരണമായ ‘കലാലയൻ’ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും.
കഴിഞ്ഞ ദിവസം അക്കാഫ് ഇവെന്റ്സ് നടത്തുന്ന ആഗോള കഥാമത്സരത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിലാണ് അക്കാഫ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അവാർഡ് പ്രഖ്യാപനം നടത്തിയത്. മലയാള സാഹിത്യത്തിന് പ്രവാസലോകത്തുനിന്നും ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാ മോഹൻ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകരായ വനിത, സുരേഷ് വെള്ളിമറ്റം, അനൂപ് കീച്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഢിൻ ഫെർണാണ്ടസ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് എന്നിവർക്കൊപ്പം അമീർ കല്ലട്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്, മനോജ് വി.സി, അനൂപ് കുമ്പനാട്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുള്ള, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കൂടൻ, അക്ബർ ആലിക്കര, അജിത് വള്ളോലി എന്നിവർ സംസാരിച്ചു. അക്കാഫ് സാഹിത്യ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതവും കോർഡിനേറ്റർ ദീപിക സുജിത് നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഇടപെടലുകൾക്ക് പുതിയ ദിശാബോധം നൽകുന്ന ഈ പ്രഖ്യാപനം സാഹിത്യലോകത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.



