അബുദാബി– യു.എ.ഇക്ക് നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ വംശജർക്ക് പരിക്കേറ്റതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു.
ഇറാനിൽ നിന്ന് തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകൾ, 3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ എന്നിവ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ ആക്രമണങ്ങൾ ആരംഭിച്ച ശേഷം ഇതുവരെ 549 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും 2,260 ഡ്രോണുകളും യു.എ.ഇ സേന തകർത്തിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും തകർക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെ സംരക്ഷണം എന്നിവയിൽ ഒരു വിട്ടുവീഴ്ചയുമില്ല. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഈ ആക്രമണങ്ങളോട് പ്രതികരിക്കാൻ യു.എ.ഇക്ക് പൂർണ്ണ അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം വഞ്ചനാപരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സേന സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.



