ചെന്നൈ– തമിഴ്‌നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടുകാലം നിലനിന്ന രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് സൂപ്പർതാരം വിജയ് തന്റെ കന്നി തിരഞ്ഞെടുപ്പിൽ അവിസ്മരണീയമായ മുന്നേറ്റം നടത്തുന്നു. 1977-ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) സ്വന്തം പാർട്ടി രൂപീകരിച്ച് അധികാരം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമാ താരം തമിഴ് മണ്ണിൽ ഇത്ര വലിയ രാഷ്ട്രീയ ചലനം സൃഷ്ടിക്കുന്നത്. ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ സ്വന്തം പാർട്ടികളുമായി നേരത്തെ രംഗത്തിറങ്ങിയിരുന്നെങ്കിലും എം.ജി.ആറിന് ശേഷം മുഖ്യമന്ത്രി കസേരയിലേക്ക് ഇത്രയടുത്തെത്തുന്ന ആദ്യ താരമായി വിജയ് മാറുകയാണ്.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ വൻമരങ്ങളെ അമ്പരപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട തമിഴ്‌നാട്ടിൽ, വിജയ് ഒറ്റയ്ക്ക് ഭരണത്തിലേറുമോ അതോ മറ്റ് കക്ഷികളുടെ പിന്തുണ തേടേണ്ടി വരുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. സിനിമയിലെ ജനപ്രീതിക്ക് പുറമെ, താഴെത്തട്ടിൽ നടത്തിയ കൃത്യമായ സംഘടനാ പ്രവർത്തനവും സോഷ്യൽ എഞ്ചിനീയറിംഗുമാണ് വിജയ്‌യെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ രീതികളിൽ നിന്ന് മാറി, അഴിമതിയില്ലാത്ത ഭരണവും സാമൂഹിക നീതിയും ഉറപ്പുനൽകുന്ന വിജയ്‌യുടെ നിലപാടുകളെ യുവാക്കളും പുതുതലമുറ വോട്ടർമാരും ആവേശത്തോടെയാണ് സ്വീകരിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് വിജയ് നടത്തുന്ന ഈ മുന്നേറ്റം തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്. എം.ജി.ആർ കുറിച്ച റെക്കോർഡുകൾ തിരുത്തിക്കൊണ്ട് വിജയ് മുഖ്യമന്ത്രി പദത്തിലെത്തുമോ എന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.



