ജിദ്ദ – ലോകവിപണിയിൽ എണ്ണവില നിയന്ത്രിക്കുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി പ്രതിദിന എണ്ണയുൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് സഖ്യത്തിലെ ഏഴ് രാജ്യങ്ങൾ തീരുമാനിച്ചു. ജൂൺ മാസം മുതൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഇത് തുടർച്ചയായ മൂന്നാം മാസമാണ് ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപാദനം കൂട്ടുന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, അൾജീരിയ, കസാക്കിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് പുതിയ തീരുമാനത്തിന്റെ ഭാഗമായി ഉൽപാദനം വർധിപ്പിക്കുക. സൗദി അറേബ്യയും റഷ്യയും 62,000 ബാരൽ വീതം അധികമായി ഉൽപാദിപ്പിക്കുമ്പോൾ ഇറാഖ് 26,000 ബാരലും കുവൈത്ത് 16,000 ബാരലും വർധിപ്പിക്കും. ഇതോടെ ജൂൺ മുതൽ സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദന ക്വാട്ട ഒരു കോടിയിലധികം (1,02,91,000) ബാരലായി ഉയരും.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. യുദ്ധം കാരണം ഒപെക് പ്ലസ് രാജ്യങ്ങൾക്ക് പ്രതിദിനം 77 ലക്ഷം ബാരലിന്റെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ 42.7 ദശലക്ഷം ബാരലായിരുന്ന ആകെ ഉൽപാദനം മാർച്ചിൽ 35 ദശലക്ഷമായി കുറഞ്ഞിരുന്നു. ഇതിനിടെ മെയ് 1 മുതൽ യുഎഇ ഒപെക് സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് മുമ്പ് പ്രഖ്യാപിച്ച ഉൽപാദന നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് സഖ്യം ആലോചിക്കുന്നത്. നിലവിൽ ഗൾഫ് മേഖലയിലെ സംഘർഷം കാരണം വിതരണത്തിൽ തടസ്സമുണ്ടെങ്കിലും, യുദ്ധം അവസാനിച്ചാലുടൻ കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ സഖ്യം സജ്ജമാണെന്ന് ഈ തീരുമാനം സൂചിപ്പിക്കുന്നു.
മേഖലയിലെ സംഘർഷം കാരണം കഴിഞ്ഞയാഴ്ച എണ്ണവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 125 ഡോളറിൽ എത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതും ഇതിന് കാരണമായി. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതോടെ വില ബാരലിന് 108 ഡോളറായി കുറഞ്ഞു. എങ്കിലും വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എണ്ണവില വർധിക്കുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ജെറ്റ് ഇന്ധനത്തിന് ഉൾപ്പെടെ വൻ ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിപണി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ഒപെക് രാജ്യങ്ങൾ വ്യക്തമാക്കി.



