അബുദാബി – താല്‍ക്കാലിക മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചതോടെ യു.എ.ഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗത പൂർണമായും തുറന്ന് സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് നടത്തിയ പ്രവര്‍ത്തന, സുരക്ഷാ സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ തത്സമയ നിരീക്ഷണം തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. സമീപകാലത്തെ സംഭവവികാസങ്ങള്‍ക്കിടെ യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സഹകരണത്തിന് അതോറിറ്റി നന്ദി പ്രകടിപ്പിച്ചു. സാധ്യതയുള്ള ഏതൊരു സംഭവവികാസങ്ങളോടും പ്രതികരിക്കാന്‍ അതോറിറ്റിയുടെ സാങ്കേതിക, പ്രവര്‍ത്തന ടീമുകള്‍ സുസജ്ജമാണ്. വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാന്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.