അബുദാബി– കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി. അന്താരാഷ്ട്ര തൊഴിലാളിദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ‘ലേബർ ഹീറോ അവാർഡ് 2026’ വേദിയിൽ യുഎഇയുടെ തൊഴിലാളിമേഖലയിൽ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർക്കിടയിൽ നാല് മലയാളികൾക്കും പുരസ്‌കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാൽ (കൊല്ലം), അമ്പാടിക്കണ്ണൻ മണി (തിരുവനന്തപുരം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, എഡി പോർട്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ പുരസ്‌കാര ചടങ്ങ് അവിസ്മരണീയമാക്കിയത്. നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്ന് അന്തിമ വിജയികളെ തിരഞ്ഞെടുത്തു.
ഇരുപത് വർഷം മുൻപ് വെറുമൊരു ബാച്ചിലറായി മെച്ചപ്പെട്ട ജീവിതം തേടി മരുഭൂമിയിലെത്തിയ ബിജു അബുദാബി നാഷണൽ ഹോട്ടൽസിൽ ഓഫീസ് ബോയിയായാണ് പ്രവാസ ജീവിതം തുടങ്ങിയത്. കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അൽ ബറക ഹോൾഡിംഗിന് കീഴിലുള്ള സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻവില്ലേജിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറാണ്. സ്വന്തം തൊഴിലിനോടുള്ള ആത്മാർഥത കൊണ്ടും അർപ്പണബോധം കൊണ്ടുമാണ് മറ്റു മൂന്നു മലയാളികളും പുരസ്‌കാരപ്പട്ടികയിൽ ഇടംപിടിച്ചത്.
മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്. തൊഴിൽ മേഖലയിൽ ദൈനം ദിന സംഭാവനകൾ നൽകുന്നവരാണ് പുരസ്‌കാര ജേതാക്കളായ മറ്റു മലയാളികളും.ഇന്ത്യയ്ക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയിൽ ആദരിക്കപ്പെട്ടത്.
മറ്റൊന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പുലർത്തിയതിന്റെ ഭാഗമായാണ് പുരസ്‌കാരത്തിനായി ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്. ഫലകം, സർട്ടിഫിക്കറ്റ് എന്നിവയ്ക്കു പുറമേ സ്മാർട്ട്ഫോണും ഒരു വർഷത്തെ സൗജന്യ ആരോഗ്യപരിരക്ഷ ലഭ്യമാകുന്നറിസ്റ്റ് ബാൻഡുമാണ് ജേതാക്കൾക്കുള്ള സമ്മാനം.



