ദുബൈ– ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ സംസ്കരണ ഫാക്ടറി രാജ്യത്ത് നിർമിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ലോകമെമ്പാടുമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ദരിദ്ര വിഭാഗങ്ങൾക്കുമായാണ് ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. ഈന്തപ്പഴം ചേർത്ത 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
“ദൈവം ഈന്തപ്പന മരങ്ങൾ കൊണ്ട് ദൈവം യുഎഇയെയും നമ്മുടെ പ്രദേശത്തേയും അനുഗ്രഹിച്ചു. നമുക്ക് ചുറ്റുമുള്ള നിരവധി സമൂഹങ്ങൾ അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇന്ന്,ലോകമെമ്പാടുമുള്ള വിശപ്പിനെതിരെ പോരാടാൻ സഹായിക്കുന്ന ഉയർന്ന മൂല്യമുള്ള ഒരു ഭക്ഷ്യ ഉൽപ്പന്നമായി ഈത്തപ്പഴത്തെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. അതിന് ദൈവം തന്നെയാണ് അനുഗ്രഹം നൽകുന്നത്”,ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.
ലോകത്തിന് മുന്നിൽ യു.എ.ഇ അവതരിപ്പിക്കുന്ന പുതിയ മാനുഷിക പദ്ധതിയാണിത്. ഭക്ഷ്യസുരക്ഷയും പിന്നാക്ക സമൂഹങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് പുതിയ സംരംഭം.
പ്രശസ്ത വ്യവസായി മിർവൈസ് അസീസിയുടെ 20 കോടി ദിർഹം സംഭാവനയോടെ മർഗാമിലാണ് പദ്ധതി ആരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്ക് അൽ ബറാക്ക ഡേറ്റ്സ് മേൽനോട്ടം വഹിക്കും. രാജ്യത്തെ ഈന്തപ്പഴ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ഫാമുകളിൽനിന്ന് മാത്രമായിരിക്കും ഈന്തപ്പഴങ്ങൾ ശേഖരിക്കുക. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ആഗോള വിപണിയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കാനും ഫാക്ടറി മികച്ച സംഭാവനകൾ നൽകുമെന്നാണ്
വിലയിരുത്തൽ.
അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ പ്രത്യേക പ്രവർത്തന, സംഭരണ യൂണിറ്റുകളും ഉൾപ്പെടുന്നു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,യു.എ.ഇ. ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.



