തെഹ്‌റാൻ– പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ നിന്നും തന്ത്രപരമായി പിന്മാറാൻ അമേരിക്ക ശ്രമിക്കുന്നതായി ഇറാൻ പ്രതിരോധ മന്ത്രാലയം. നിലവിൽ തങ്ങൾ അകപ്പെട്ടിരിക്കുന്ന യുദ്ധക്കെണിയിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ഒരു ‘മുഖം രക്ഷിക്കൽ’ നടപടിക്കാണ് അമേരിക്കൻ നീക്കമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പാകിസ്താൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം പുറത്തുവന്നത്.
ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇസ്ലാമാബാദിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇവർ അവിടെ വെച്ച് ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് ഇറാന്റെ ഈ പുതിയ പ്രസ്താവന.



