തൃശ്ശൂർ– തൃശ്ശൂർ പൂരത്തിന്റെ ആവേശത്തിനിടയിൽ നാടിനെ നടുക്കി വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. മുണ്ടത്തിക്കോട് പ്രവർത്തിക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പൂരത്തിന് കൊടിയേറി ആഘോഷങ്ങൾ തുടങ്ങാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. വെടിക്കെട്ട് പുരയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള 40 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ ദൂരേക്ക് വരെ അനുഭവപ്പെട്ടു. സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ പറയുന്നത് സമീപത്തെ വീടുകൾക്ക് പോലും ശക്തമായ കുലുക്കം അനുഭവപ്പെട്ടുവെന്നാണ്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും നിരവധി ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് പ്രമുഖ ആശുപത്രികളോടും അടിയന്തര സാഹചര്യം നേരിടാൻ പൂർണ്ണ സജ്ജമായിരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.



