റിയാദ്– സൗദി അറേബ്യയിൽ വിസിറ്റിംഗ് വിസയും ഉംറ വിസയും ഉപയോഗിച്ച് എത്തിയവർക്കുള്ള അവസാന തീയതിയായ ഏപ്രിൽ 18 കഴിഞ്ഞതോടെ, ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് നിന്ന് മടങ്ങാനാകാതെ പ്രതിസന്ധിയിലായി.
വിസ കാലാവധി അവസാനിച്ചിട്ടും പലർക്കും യാത്ര ചെയ്യാൻ കഴിയാത്തതിനാൽ, ജവാസാത്ത് ഓഫീസുകളിൽ ആളുകൾ കയറിയിറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കൃത്യമായ വിമാന സർവീസുകൾ ലഭ്യമല്ലാത്തതും പ്രധാന കാരണമായി അറിയുന്നു.
നിലവിലുള്ള ചാർട്ടേഡ് വിമാനങ്ങളുടെയും മറ്റ് വിമാന കമ്പനികളുടെയും ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്നതിനാൽ സാധാരണ പ്രവാസികൾക്ക് അത് താങ്ങാനാവുന്നില്ല. കുടുംബങ്ങളോടൊപ്പം എത്തിയവർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ, മടങ്ങാൻ ആവശ്യമായ വൻതുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ടിക്കറ്റ് നിരക്കുകൾ കുറച്ച്, ഏതെങ്കിലും രാജ്യത്തിലെ എയർപോർട്ടുകളിലേക്കെങ്കിലും എത്തിച്ചേരാൻ കഴിയണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
ഇതിനിടെ, ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ റാഫി പാങ്ങോട്, ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് വിസ കാലാവധി നീട്ടുന്നതിനായി സൗദി ജവാസാത്ത് ഡയറക്ടറെ നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ വിമാന സർവീസ് തടസ്സങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സാധാരണ വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മാത്രമേ കുടുങ്ങിയ വിദേശികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയൂ.
ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരുടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളും സർക്കാരുകളും സൗദി ഭരണകൂടവുമായി അടിയന്തരമായി ഇടപെടണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ട്. സൗദി അറേബ്യയുടെ പാസ്പോർട്ട് ഡയറക്ടറെ നേരിട്ട് കണ്ട് വിമാന സർവീസ് തുടങ്ങുന്ന വരെ വിസ ഡേറ്റ് നീട്ടിക്കൊടുക്കണമെന്ന് പരാതി നൽകുകയാണ്



