ബെയ്‌റൂത്ത് – വ്യാഴാഴ്ച അര്‍ധരാത്രി ഇസ്രായിലുമായി 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലെബനോനികള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി. തെക്കോട്ട് പോകുന്ന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. മെത്തകളും സ്വകാര്യ വസ്തുക്കളും നിറച്ച വാഹനങ്ങള്‍ നിരനിരയായി നീങ്ങി. ചില യാത്രക്കാര്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട പതാകകള്‍ വീശി. മറ്റുള്ളവര്‍ വിജയ ചിഹ്നങ്ങള്‍ ഉയര്‍ത്തി. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് റോഡുകളില്‍ യുവാക്കള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ തെക്കന്‍ തീരദേശ നഗരമായ സിഡോണില്‍ താമസക്കാര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി തെരുവിലിറങ്ങി. രാത്രി മുഴുവന്‍ നഗരം ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രായില്‍ സൈന്യവും തമ്മില്‍ ആറ് ആഴ്ചയിലധികം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് ദക്ഷിണ ലെബനോനിലെയും ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും ജനങ്ങള്‍ മടങ്ങാന്‍ തുടങ്ങിയത്. യുദ്ധത്തിനിടെ ഈ പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് നിവാസികള്‍ പലായനം ചെയ്തു. യുദ്ധം വ്യാപകമായ നാശത്തിന് കാരണമാവുകയും ചെയ്തു.
മാര്‍ച്ച് 2 മുതല്‍ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,196 ആയി ഉയര്‍ന്നു. 7,185 പേര്‍ക്ക് പരിക്കേറ്റതായും ലെബനോന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായിലും യുദ്ധം ആരംഭിക്കുകയും ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ ഇസ്രായിലിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ലെബനോനെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രായില്‍ തുടക്കമിട്ടത്.
തെക്കന്‍ ലെബനോനിലെ പ്രദേശങ്ങള്‍ ഇസ്രായില്‍ സൈന്യം കൈവശപ്പെടുത്തി. ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ വടക്ക് മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുകുന്ന ലിറ്റാനി നദി വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രായില്‍ വ്യക്തമാക്കി. യുദ്ധസമയത്ത് ലിറ്റാനിയുടെ തെക്ക് ഭാഗത്തുള്ള പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോകാന്‍ പ്രദേശവാസികളോട് ഇസ്രായില്‍ ഉത്തരവിട്ടു.
ഹിസ്ബുല്ല ആക്രമണങ്ങളില്‍ നിന്ന് വടക്കന്‍ ഇസ്രായിലിലെ ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിന് ബഫര്‍ സോണ്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ സൈന്യം ലിറ്റാനിയുടെ തെക്ക് ഭാഗത്തുള്ള ലെബനീസ് ഗ്രാമങ്ങള്‍ നശിപ്പിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ലെബനോനിലെ ഇസ്രായില്‍ സൈനിക നടപടി പ്രധാന തടസ്സമായി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം, ലെബനോനും ഇസ്രായിലും ദീര്‍ഘകാല കരാറിലേക്ക് നീങ്ങുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിസ്ബുല്ലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ലെബനോന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1948 ല്‍ ഇസ്രായില്‍ സ്ഥാപിതമായതു മുതല്‍ സാങ്കേതികമായി യുദ്ധാവസ്ഥയില്‍ തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഗൗരവത്തായ ചര്‍ച്ചകള്‍ക്കായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പറഞ്ഞു.



