ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ജിദ്ദയില്‍ വെച്ച് ചര്‍ച്ച നടത്തി. ഖത്തറും തുര്‍ക്കിയും ഉള്‍പ്പെടുന്ന പര്യടനത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം പാക് പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്നലെ സൗദിയിലെത്തുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തിൽ, നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ പാക് പ്രധാനമന്ത്രി മേഖല നേതാക്കളുമായി ചർച്ച ചെയ്യും.
സാമ്പത്തിക വിടവ് നികത്താന്‍ സൗദി അറേബ്യ പാകിസ്ഥാന് 300 കോടി ഡോളര്‍ അധിക സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടൊപ്പം സൗദി അറേബ്യ പാക് കേന്ദ്ര ബാങ്കില്‍ നടത്തിയ 500 കോടി ഡോളറിന്റെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് നീട്ടിയിട്ടുമുണ്ട്. മാര്‍ച്ച് 12 ന് സൗദി കിരീടാവകാശിയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയിരുന്നു. തന്ത്രപരമായ സൈനിക സഹകരണത്തിലും സാമ്പത്തിക താല്‍പ്പര്യങ്ങളിലും വേരൂന്നിയ ബഹുമുഖ ബന്ധങ്ങള്‍ സൗദി അറേബ്യയും പാകിസ്ഥാനും പങ്കിടുന്നു. ഇരു രാജ്യങ്ങളും ഒപ്പുവെച്ച സൈനിക സഹകരണ കരാറിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ സൗദിയില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.



