തെഹ്‌റാന്‍ – യുദ്ധത്തിനിടെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ചൈനീസ് ചാര ഉപഗ്രഹം രഹസ്യമായി ഉപയോഗിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ്. ചൈനീസ് കമ്പനിയായ എര്‍ത്ത് ഐ നിര്‍മ്മിച്ച് 2024 അവസാനത്തോടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ടി.ഇ.ഇ01ബി ഉപഗ്രഹം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വ്യോമസേന ഉപയോഗിച്ചതായി ചോര്‍ന്ന ഇറാന്‍ സൈനിക രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പ്രസ്താവിച്ചു. തീയതി രേഖപ്പെടുത്തിയ കാര്‍ഡിനേറ്റുകള്‍, ഉപഗ്രഹ ചിത്രങ്ങള്‍, ഭ്രമണപഥ വിശകലനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ പ്രധാന യു.എസ് സൈനിക സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ ഉപഗ്രഹം ഉപയോഗിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് സൈനിക താവളങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മാര്‍ച്ചില്‍ ചൈനീസ് ഉപഗ്രഹം എടുത്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് സൂചിപ്പിച്ചു. കരാറിന്റെ ഭാഗമായി, ഇംപോസാറ്റ് പ്രവര്‍ത്തിപ്പിക്കുന്ന വാണിജ്യ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന് പ്രവേശനം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ കൃത്യത ചൈനീസ് വിദേശ മന്ത്രാലയം നിഷേധിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ ചൈനക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും, ഊഹാപോഹപരവും, നിന്ദ്യവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ബീജിംഗ് ശക്തമായി എതിര്‍ക്കുന്നതായി വാഷിംഗ്ടണിലെ ചൈനീസ് എംബസി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. വൈറ്റ് ഹൗസ്, സി.ഐ.എ, പെന്റഗണ്‍, ചൈനീസ് വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിലൂടെ ഉപഗ്രഹ നിയന്ത്രണവും ഡാറ്റ സേവനങ്ങളും നല്‍കുന്ന ബീജിംഗ് ആസ്ഥാനമായുള്ള എര്‍ത്ത് ഐ-ഇംപോസാറ്റ് എന്നിവ ഇതുവരെ റിപ്പോര്‍ട്ടില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് പറഞ്ഞു.



