ന്യൂഡൽഹി– വനിതാ സംവരണ ബില്ലിൽ ഏകപക്ഷീയമായ ഭേദഗതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും പ്രതിപക്ഷത്തെ കൃത്യമായി അറിയിക്കാതെയാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റ് അംഗസംഖ്യ വർദ്ധിപ്പിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ മേൽക്കൈ ലഭിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ഭേദഗതികൾ അനുസരിച്ച് ലോക്‌സഭയിലെ അംഗസംഖ്യ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 63 മുതൽ 65 വരെ സീറ്റുകളുടെ വർദ്ധനവ് ഉണ്ടാകുമ്പോൾ, ഉത്തരേന്ത്യയിൽ ഇത് 200-ലധികം സീറ്റുകളായിരിക്കും. ഈ സീറ്റ് വർദ്ധനവ് സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയായി മാറുമെന്നും ബ്രിട്ടാസ് പറഞ്ഞു. 2024-ൽ തന്നെ നടപ്പാക്കാമായിരുന്ന ബില്ലിന്മേൽ മൂന്ന് വർഷത്തോളം കേന്ദ്രം അടയിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് 50 ശതമാനം വനിതാ പ്രാതിനിധ്യം എന്ന പ്രഖ്യാപനവുമായി സർക്കാർ എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ ഭേദഗതിയുടെ യഥാർത്ഥ ഉദ്ദേശ്യം പ്രതിപക്ഷം അറിയേണ്ടതുണ്ട്. സാധാരണഗതിയിൽ അംഗങ്ങളെ മുൻകൂട്ടി അറിയിക്കേണ്ട കാര്യങ്ങൾ ഇത്തവണ നൽകിയിട്ടില്ല. സർക്കാരിന്റെ ലക്ഷ്യങ്ങൾ വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സഭയുടെ സംയുക്ത സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.



