റിയാദ്– യുദ്ധത്തിനിടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തകരാറിലായ സൗദി അറേബ്യയുടെ ഊർജ്ജ കേന്ദ്രങ്ങളും ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനും പൂർണ്ണശേഷി കൈവരിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട എണ്ണ ഉൽപ്പാദനവും വിതരണവും പുനസ്ഥാപിച്ചതായി സൗദി പ്രസ് ഏജൻസിയാണ് (എസ്.പി.എ) റിപ്പോർട്ട് ചെയ്തത്.
യുദ്ധസമയത്തുണ്ടായ ആക്രമണങ്ങൾ എണ്ണ ഉൽപ്പാദനത്തിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. പൈപ്പ്‌ലൈൻ വഴിയുള്ള വിതരണത്തിൽ പ്രതിദിനം ഏഴ് ലക്ഷം ബാരലിന്റെ കുറവുണ്ടായപ്പോൾ മനിഫ, ഖുറൈസ് എണ്ണപ്പാടങ്ങളിൽ നിന്ന് മൂന്ന് ലക്ഷം ബാരൽ വീതവും കുറഞ്ഞിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മനിഫ എണ്ണപ്പാടത്തെ ഉൽപ്പാദനശേഷി ഇപ്പോൾ പ്രതിദിനം മൂന്ന് ലക്ഷം ബാരലായി തിരിച്ചുപിടിച്ചിട്ടുണ്ട്. ഖുറൈസ് എണ്ണപ്പാടത്തെ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണവും ഇപ്പോൾ പൂർണ്ണതോതിലായിട്ടുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാനുള്ള ശേഷി പൈപ്പ്‌ലൈൻ കൈവരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. രാജ്യം നേരിട്ട ഊർജ്ജ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിൽ ഈ നീക്കം വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.



