ബെയ്‌റൂത്ത് – ഇന്നലെ ബെക്കാ താഴ്വരയിലും തെക്കന്‍ ലെബനോനിലും ഇസ്രായില്‍ നടത്തിയ മാരകമായ വ്യോമാക്രമണങ്ങളില്‍ നാലു ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു. ഇസ്രായിലി ആക്രമണം ചെറുക്കുന്നതില്‍ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുന്നത് ലെബനീസ് സൈന്യം തുടരും.
1993 ഓഗസ്റ്റ് 17 ന് ജനിച്ച ഫസ്റ്റ് സര്‍ജന്റ് ഹുസൈന്‍ ഖാലിദ് യാസീന്‍ സിഡോണിലും, 1996 മെയ് 15 ന് ജനിച്ച സൈനികന്‍ മുഹമ്മദ് ബസ്സാം ശഹൈതലി ബാല്‍ബെക്കിലെ ഷംഷ്താറിലും, 2006 ഏപ്രില്‍ 20 ന് ജനിച്ച, നിര്‍ബന്ധിത സൈനിക സേവനം നിര്‍വഹിച്ചിരുന്ന അലി ഹസ്സന്‍ ഖാസിം ബാല്‍ബെക്കിലെ ഷംഷ്താറിലും, 2003 ജൂലൈ 29 ന് ജനിച്ച കേഡറ്റ് സര്‍ജന്റ് അലി നാസറുദ്ദീന്‍ ഹെര്‍മലിലെ മന്‍സൂറയിലുമാണ് കൊല്ലപ്പെട്ടത്.
ഈ സൈനികര്‍ ചിന്തിയ രക്തം പാഴാവില്ലെന്ന് ലെബനീസ് സൈനിക കമാന്‍ഡ് സ്ഥിരീകരിച്ചു. എന്ത് ത്യാഗങ്ങള്‍ സഹിച്ചും സൈന്യം ലെബനോന്റെ സംരക്ഷണ കവചമായി തുടരുമെന്നും രാജ്യത്തിന്റെ ഭൂപ്രദേശത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും ലെബനീസ് സൈനിക കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം, തെക്കന്‍ ലെബനോനിലെ ഷെബ ഫാംസ് പ്രദേശത്ത് ലെബനോന്‍ ബ്രിഗേഡ്‌സ് ഗ്രൂപ്പ് കമാന്‍ഡറായ മാഹിര്‍ ഖാസിം ഹംദാനെയും ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഷെബ ഫാംസില്‍ നിന്ന് സിഡോണ്‍ നഗരത്തിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ഇവരെ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. ഷെബ ഫാംസ് പ്രദേശത്ത് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിന്റെയും സംഘടനക്ക് ധനസഹായം നല്‍കുന്നതിന്റെയും ചുമതല ഹംദാന് ആയിരുന്നു. ഈ സംഘടന ഹിസ്ബുല്ലയില്‍ നിന്ന് ധനസഹായം നേടുകയും ഹിസ്ബുല്ലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായില്‍ സേനക്കും ഇസ്രായില്‍ പൗരന്മാര്‍ക്കും നേരെ ആക്രമണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ലെബനോന്‍ ബ്രിഗേഡ്‌സ് അംഗങ്ങള്‍ പങ്കെടുക്കും. ഹിസ്ബുല്ലക്കെതിരെ സൈന്യം ശക്തമായി പ്രവര്‍ത്തിക്കുകയും ഇസ്രായില്‍ രാജ്യത്തിന് നേരെയുള്ള ഏതൊരു ഭീഷണിയും ഇല്ലാതാക്കുകയും ചെയ്യും. തെക്കന്‍ ലെബനോനില്‍ ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായില്‍ സൈനിക നടപടികള്‍ തുടരുമെന്നും സൈന്യം പ്രസ്താവയില്‍ പറഞ്ഞു.
ബുധനാഴ്ച ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിമിന്റെ പേഴ്സണല്‍ സെക്രട്ടറി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം നടത്തിയ ആക്രമണത്തില്‍ നഈം ഖാസിമിന്റെ പേഴ്സണല്‍ സെക്രട്ടറിയും അനന്തരവനുമായ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അലി യൂസഫ് ഹര്‍ഷി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിമുമായി അടുപ്പമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ പേഴ്സണല്‍ ഉപദേഷ്ടാവ് എന്ന നിലയില്‍ പ്രധാന പങ്ക് വഹിച്ചിരുന്നെന്നും സെക്രട്ടറി ജനറലിന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിന്റെയും സുരക്ഷിതമാക്കുന്നതിന്റെയും ചുമതലയുണ്ടായിരുന്നെന്നും ഹിസ്ബുല്ലയുടെ നേതൃത്വത്തിന്റെ ഉള്‍വൃത്തത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നെന്നും വ്യക്തമാക്കി.



