കണ്ണൂർ– സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും യുഡിഎഫ് എവിടെയിരുന്നാലും അഴിമതിയിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തിനെതിരെ ജനങ്ങൾക്ക് ആക്ഷേപമില്ലെന്നും മന്ത്രിമാർക്കെതിരെ ഒരു ആരോപണം പോലും ഉയർത്താൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അഴിമതി വിട്ടുമാറാത്ത അവസ്ഥയിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മുഖ്യമന്ത്രി ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി മോദിയെ പേരെടുത്ത് വിമർശിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അദ്ദേഹം അബദ്ധജഡിലമായ കാര്യങ്ങളാണ് പറയുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. കോൺഗ്രസ് നേതാവ് എന്ന നിലയിലുള്ള മാന്യത രാഹുൽ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ള നേതാക്കളോട് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് വിട്ടുനിന്നു. കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങളിലും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങളിലും കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷനെപ്പോലുള്ള ദേശീയ നേതാക്കളെ ഡൽഹിയിലെ സമരത്തിന് ക്ഷണിച്ചിട്ടും പങ്കെടുക്കരുതെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കെ.സി. വേണുഗോപാലിന്റെ ‘ഡീൽ’ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി നേതാക്കളിൽ 30 ശതമാനവും മുൻ കോൺഗ്രസുകാരാണെന്നും ബിജെപിക്ക് നേതാക്കളെ എത്തിച്ചുനൽകുന്ന ഏജൻസിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ രാജ്യസഭാ അംഗത്വം കെ.സി. വേണുഗോപാൽ രാജിവെച്ചത് ബിജെപിക്ക് അവസരം ഒരുക്കാനല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കൾ ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരത്ത് ഒ. രാജഗോപാലിന് അക്കൗണ്ട് തുടങ്ങാൻ സാധിച്ചതും തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ കോൺഗ്രസിന്റെ 85,000 വോട്ടുകൾ അപ്രത്യക്ഷമായതും ഡീൽ രാഷ്ട്രീയത്തിന്റെ തെളിവുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഡീലുകൾ കോൺഗ്രസിന് ചേർന്നതാണെന്നും അത് അവർ തന്നെ അണിഞ്ഞാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.



