മോസ്‌കോ – ഇറാന് അന്ത്യശാസനങ്ങള്‍ നല്‍കുന്ന ശൈലി അമേരിക്ക ഉപേക്ഷിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാന്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുമെന്ന് റഷ്യ പ്രത്യാശ പ്രകടിപ്പിച്ചു. അന്തിമ മുന്നറിയിപ്പുകളുടെ ഭാഷ ഉപേക്ഷിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങുന്നതിലൂടെ അമേരിക്കക്ക് ഇതിന് സഹായിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവിച്ചു. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവും ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് റഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. പ്രതിസന്ധി പരിഹരിക്കാനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷിക്കുന്ന അവസരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഇരുപക്ഷവും ആഹ്വാനം ചെയ്തതായി പ്രസ്താവന പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും സുസ്ഥിരമായും സാധാരണ നില പുനഃസ്ഥാപിക്കാനായി, സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ റഷ്യ പിന്തുണക്കുന്നു. അമേരിക്ക അന്ത്യശാസനങ്ങളുടെ ഭാഷ ഉപേക്ഷിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങുന്നതിലൂടെ ഇത് സുഗമമാകുമെന്നും റഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ വിദഗ്ധര്‍ ജോലി ചെയ്യുന്ന ഇറാനിലെ ബൂഷെഹര്‍ ആണവ നിലയം ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ അന്യായവും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ അമേരിക്ക നിര്‍ത്തണമെന്ന് ഇരു മന്ത്രിമാരും ആവശ്യപ്പെട്ടു. ബൂഷെഹര്‍ ആണവ നിലയത്തില്‍ യുഎസ്-ഇസ്രായില്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്ന് 198 തൊഴിലാളികളെ റഷ്യ ഒഴിപ്പിക്കാന്‍ തുടങ്ങിയതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.



