കണ്ണൂർ– ഇടതുപക്ഷ സർക്കാരിന്റെ പത്തു വർഷത്തെ ഭരണനേട്ടങ്ങളിൽ ഏറ്റവും തിളക്കമാർന്നത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കിയ ലൈഫ് മിഷൻ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകാൻ സാധിച്ചത് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സർക്കാരിന്റെ പത്താം വർഷത്തിൽ എൽ.ഡി.എഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ബാക്കിയുള്ള വാഗ്ദാനങ്ങൾ പൂർത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ഭവനനിർമ്മാണത്തിന് പുറമെ ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചതും സർക്കാരിന്റെ വലിയ നേട്ടമാണ്. റവന്യൂ ഉദ്യോഗസ്ഥർ ഡിജിറ്റൽ സർവേ നടപടികളിൽ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നതെന്നും അല്ലെങ്കിൽ ആ ലക്ഷ്യവും മറികടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും ഇതിനോടകം കൈമാറി കഴിഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പി എസ് സി വഴി 3,13,212 പേർക്ക് നിയമനം ലഭിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



