ഹൈഫ– ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായില്‍ നഗരമായ ഹൈഫയില്‍ തകര്‍ന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ മൂന്ന് പേര്‍ക്കു വേണ്ടി ഇസ്രായിലി അഗ്‌നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നു. മിസൈല്‍ നേരിട്ട് പതിച്ച് ഏഴ് നില കെട്ടിടം ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി സൈനിക, രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇറാനില്‍ നിന്ന് പുതിയ റൗണ്ട് മിസൈലുകള്‍ തൊടുത്തതായി സൈന്യം മുന്നറിയിപ്പ് നല്‍കി മിനിറ്റുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്.
പരിക്കേറ്റവരില്‍ 82 വയസ്സുള്ള ഒരാളും ഉള്‍പ്പെടുന്നു. ഭാരമേറിയ വസ്തു ദേഹത്ത് പതിച്ചും സ്‌ഫോടനവും മൂലമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. മറ്റ് മൂന്ന് പേര്‍ക്ക് മിസൈല്‍ ഭാഗങ്ങള്‍ തട്ടിയും സ്‌ഫോടനത്തിലുമാണ് പരിക്ക്. ഇക്കൂട്ടത്തില്‍ പെട്ട പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തലക്കും പരിക്കേറ്റു. ഡസന്‍ കണക്കിന് ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തകരെയും ആക്രമണം നടന്ന സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് എ.എഫ്.പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



