വയനാട്– വയനാട് ദുരിതാശ്വാസ നിധിയിലേക്കായി ലഭിച്ച തുകയെയും അത് ചെലവഴിച്ച രീതിയെയും സംബന്ധിച്ച കണക്കുകൾ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. വയനാട് ഫണ്ടിനായി ആരംഭിച്ച ജോയിൻ്റ് അക്കൗണ്ട് വഴി ആകെ 5 കോടി 38 ലക്ഷത്തി 21,632 രൂപയാണ് കോൺഗ്രസിന് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ ഉപയോഗിച്ചാണ് പുനരധിവാസത്തിനായി സ്ഥലം വാങ്ങിയത്. ഇതിനുപുറമെ, യൂത്ത് കോൺഗ്രസ് അക്കൗണ്ടിന് പുറത്തായി നൽകിയ ഒരു കോടി അഞ്ച് ലക്ഷം രൂപയും കെപിസിസി ഫണ്ടിൽ നിന്നുള്ള 97 ലക്ഷം രൂപയും കൂടി ചേർത്താണ് സ്ഥലത്തിൻ്റെ പണം കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ 73 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്നും ഈ തുക കെപിസിസി-എഐസിസി ഫണ്ടുകളിൽ നിന്ന് കണ്ടെത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇനി വീട് നിർമ്മാണത്തിനായി പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കില്ലെന്നും ബാക്കി വരുന്ന സാമ്പത്തിക ആവശ്യങ്ങൾ പാർട്ടി ഫണ്ടിൽ നിന്ന് തന്നെ സമാഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ഫണ്ടിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് പാർട്ടി ഈ കണക്കുകൾ പുറത്തുവിട്ടത്.



