വാഷിംഗ്ടണ്‍ – അമേരിക്ക വളരെ വേഗം, രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഇറാനില്‍ നിന്ന് പുറത്തുപോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഞാന്‍ ചെയ്യേണ്ടത് ഇറാനില്‍ നിന്ന് പുറത്തുപോകുക മാത്രമാണ്. ഞങ്ങള്‍ അത് വളരെ വേഗം ചെയ്യും. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും, അമേരിക്കയില്‍ ഇന്ധനവില ഗാലണിന് 4 ഡോളറിലെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് സൂചിപ്പിച്ചു.
അമേരിക്ക ഇറാനെ ഏകദേശം രണ്ട് പതിറ്റാണ്ട് പിന്നോട്ട് കൊണ്ടുപോയി. അവര്‍ സമാധാന ചര്‍ച്ചക്ക് വന്നാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. ഞങ്ങള്‍ അവര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. നമ്മള്‍ ഇറാനില്‍ നശിപ്പിച്ചത് പുനര്‍നിര്‍മ്മിക്കാന്‍ 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും. അവര്‍ക്ക് നാവികസേനയില്ല, സൈന്യമില്ല, വ്യോമസേനയില്ല. അവര്‍ക്ക് ആശയവിനിമയ മാര്‍ഗങ്ങളില്ല, വിമാനവിരുദ്ധ സംവിധാനങ്ങളില്ല, നേതാക്കളില്ല. നിങ്ങള്‍ക്കറിയാമോ, അവരുടെ എല്ലാ നേതാക്കളും പോയി. അതുകൊണ്ടാണ് ഞങ്ങള്‍ ഇറാനില്‍ ഭരണമാറ്റം കാണുന്നത്. നമുക്ക് ഇപ്പോള്‍ ഇറാനില്‍ നല്ല പുതിയ നേതാക്കളുണ്ട്.
ഇറാന്‍ അടിയന്തിരമായി ഒരു കരാര്‍ തേടുകയാണ്. ഒത്തുതീര്‍പ്പിനായി യാചിക്കുകയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇറാന്‍ ശക്തമായ ഒരു സ്ഥാനത്താണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു. ഏറ്റുമുട്ടലില്‍ ഇറാന്റെ പ്രതിരോധശേഷിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അവര്‍ യഥാര്‍ഥത്തില്‍ യുദ്ധം ചെയ്യുന്നില്ല. വെടിയുതിര്‍ക്കുന്നില്ല. ഇറാന്റെ വ്യോമമേഖലയില്‍ അമേരിക്കന്‍ സേന സമ്പൂര്‍ണ്ണ വ്യോമ മേധാവിത്വം നിലനിര്‍ത്തുന്നു. ഇറാന്റെ ആകാശം മുഴുവന്‍ നിയന്ത്രിക്കുന്ന വിമാനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ ഏറ്റുമുട്ടലില്‍ ഇറാന്‍ പരാജയം സമ്മതിക്കുന്നു. ഒരു കരാറിലെത്താനുള്ള വ്യക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഒരു കരാറിലും എത്തിയില്ലെങ്കില്‍ പോലും ഞങ്ങള്‍ ഇറാനിലെ ആക്രമണങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ അവസാനിപ്പിക്കും. അതിനു ശേഷം ഹുര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യുന്ന ചുമതല മറ്റ് രാജ്യങ്ങള്‍ക്ക് വിടാവുന്നതാണ്. ഫ്രാന്‍സിനും മറ്റേതെങ്കിലും രാജ്യത്തിനും എണ്ണയോ വാതകമോ വേണമെന്നുണ്ടെങ്കില്‍, അവര്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകട്ടെ. സ്വന്തം കാര്യങ്ങള്‍ അവര്‍ക്ക് സ്വന്തമായി കൈകാര്യം ചെയ്യാന്‍ കഴിയും. അത് വളരെ സുരക്ഷിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഹുര്‍മുസ് സുരക്ഷിതമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. കടലിടുക്കില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു പങ്കും ഉണ്ടായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിന് സമ്മതിക്കുകയും ആഗോള എണ്ണ കയറ്റുമതിക്കുള്ള സുപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്തില്ലെങ്കില്‍ ഇറാന്‍ വൈദ്യുത നിലയങ്ങള്‍ നശിപ്പിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.



