പാരീസ് – കഴിഞ്ഞ ദിവസം ഇസ്രായില്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി വടക്കുപടിഞ്ഞാറന്‍ ഇറാനിലെ അറക് ഹെവി വാട്ടര്‍ റിയാക്ടര്‍ എന്നറിയപ്പെടുന്ന ഖുന്ദാബ് ആണവ സമുച്ചയത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും റിയാക്ടര്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഈ കേന്ദ്രത്തിനു നേരെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുണ്ടായതായി ഇറാന്‍ ആണവോര്‍ജ സംഘടന വെള്ളിയാഴ്ച പറഞ്ഞു. സമുച്ചയത്തിനുള്ളിലെ റിയാക്ടറിന് സമീപം തീഗോളവും പുകയും ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളപായമോ ആണവ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് തൊട്ടുമുമ്പ് കേന്ദ്രം പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ ഇസ്രായില്‍ ഉത്തരവിട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കേന്ദ്രത്തെ കുറിച്ചുള്ള സാങ്കേതിക അറിവിന്റെയും സ്വതന്ത്ര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ ആണവ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി. ഖുന്ദാബ് ഘനജല നിലയത്തിന് നേരെ മാര്‍ച്ച് 27 നാണ് ആക്രമണമുണ്ടായത്.
മറ്റൊരു സംഭവത്തില്‍, വടക്കന്‍ ഇറാന്‍ നഗരമായ തബ്രിസിലെ പെട്രോകെമിക്കല്‍ പ്ലാന്റ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി ഇന്ന് പുലര്‍ച്ചെ ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ തെഹ്റാനിലെയും അല്‍ബോര്‍സ് പ്രവിശ്യയിലെയും വൈദ്യുതി കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഇറാന്‍ ഊര്‍ജ മന്ത്രി അബ്ബാസ് അലിയാബാദി അറിയിച്ചു. തെഹ്റാന്‍ മേഖലയിലെയും തലസ്ഥാനത്തിന്റെ അതിര്‍ത്തിയിലുള്ള അല്‍ബോര്‍സ് പ്രവിശ്യയിലെയും വൈദ്യുതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് തെഹ്റാനിലും കരാജിലും വൈദ്യുതി തടസ്സമുണ്ടായി. പ്രത്യേക അറ്റകുറ്റപ്പണി സംഘങ്ങള്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറാന്‍ തലസ്ഥാത്തും കരാജിലെയും മിക്ക പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.



