ബെയ്റൂത്ത് – തെക്കൻ ലെബനോനിലെ ബിൻത് ജബൈലിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ആരോഗ്യ രംഗത്തെ രണ്ട് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ആശുപത്രിക്ക് സമീപമുള്ള ഇസ്ലാമിക് ഹെൽത്ത് അതോറിറ്റി കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ദെയർ കിഫ ഗ്രാമത്തിലെ മറ്റൊരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. ആംബുലൻസുകൾ ഹിസ്ബുല്ല സൈനിക ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ഇസ്രായിൽ സൈന്യത്തിന്റെ ആരോപണത്തെ ലെബനീസ് ആരോഗ്യ മന്ത്രി റാക്കാൻ നാസറുദ്ദീൻ ശക്തമായി നിഷേധിച്ചു. സിവിൽ ഡിഫൻസിന്റെയും റെഡ് ക്രോസിന്റെയും വാഹനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ജീവൻ രക്ഷിക്കാൻ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 2-ന് ശേഷം ഇസ്രായിൽ ആക്രമണങ്ങളിൽ ലെബനോനിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1,189 ആയി ഉയർന്നു. ഇതിൽ 124 കുട്ടികളും 51 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ആരോഗ്യമേഖലയെ ലക്ഷ്യമിട്ട് നടന്ന നിരന്തരമായ ആക്രമണങ്ങൾ കാരണം അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടാൻ നിർബന്ധിതമായി. ആരോഗ്യപ്രവർത്തകർക്ക് പുറമെ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം അൽമായാദീൻ, അൽമനാർ ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക് നേരെ ജെസിൻ റോഡിൽ വെച്ച് ആക്രമണം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാതി നൽകാൻ ലെബനീസ് ഇൻഫർമേഷൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.



