വാഷിംഗ്ടണ്‍ – അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. 17 വ്യത്യസ്ത ദിശകളിൽ നിന്നായി ഏകദേശം 101 മിസൈലുകളാണ് വിമാനവാഹിനിക്കപ്പലിന് നേരെ വിക്ഷേപിക്കപ്പെട്ടത്. അപ്രതീക്ഷിതവും തീവ്രവുമായ ഈ ആക്രമണം തടയാൻ യു.എസ് സൈന്യം അതീവ വേഗതയിൽ നീങ്ങിയതായി ട്രംപ് അറിയിച്ചു. എന്നാൽ, ആക്രമണം നടന്ന കൃത്യമായ സമയമോ വിമാനവാഹിനിക്കപ്പലിന്റെ പേരോ അദ്ദേഹം വെളിപ്പെടുത്തിയില്ല. കൂടാതെ, കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, അന്താരാഷ്ട്ര ജലാശയങ്ങളിൽ ഇറാൻ ഉയർത്തുന്ന ഭീഷണികളുടെ കാലം അവസാനിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി ആഗോള കപ്പൽ ഗതാഗതത്തിന് ഇറാൻ യുദ്ധക്കപ്പലുകൾ സൃഷ്ടിച്ചിരുന്ന തടസ്സങ്ങൾ ഇല്ലാതായതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ഇറാൻ നാവികസേനയുടെ വലിയ കപ്പലുകളിൽ 92 ശതമാനവും തകർക്കപ്പെട്ടതായി അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ ശക്തി പ്രകടിപ്പിക്കാനുള്ള ശേഷി ഇറാൻ റെവല്യൂഷണറി ഗാർഡ് നാവികസേനയ്ക്ക് നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി റെവല്യൂഷണറി ഗാർഡിലുള്ള എല്ലാ ഇറാനികളും തങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞ് മടങ്ങണമെന്ന് അഡ്മിറൽ കൂപ്പർ ആഹ്വാനം ചെയ്തു. ഇറാന്റെ മിസൈൽ സേനയെയും നാവികസേനയെയും അമേരിക്ക തകർത്തതായും പ്രധാന രാഷ്ട്രീയ-സൈനിക നേതാക്കളെ വധിച്ചതായും കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ നാവികസേനയ്ക്കെതിരായ സൈനിക നടപടികൾ തുടരുമെന്നാണ് അമേരിക്കൻ സൈനിക നേതൃത്വം നൽകുന്ന സൂചന.



